അറുപത് വയസ്സ്; ലിസ്റ്റുചെയ്യാത്ത ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് അംഗീകരിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

  • 07/02/2022

കുവൈത്ത് സിറ്റി : രാജ്യത്തെ  സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്തതും ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്  അംഗീകരിക്കാത്തതുമായ കമ്പനികളില്‍ നിന്നുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അംഗീകരിക്കില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. ലിസ്റ്റ് ചെയ്യാത്ത കമ്പനികളും താമസ രേഖ പുതുക്കുന്നതിനായി ആരോഗ്യ  ഇൻഷുറൻസ് നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ ഇത് സംബന്ധമായ വിശദീകരണകുറിപ്പ് ഇറക്കിയത്. ലിസ്റ്റ് ചെയ്യപ്പെടാത്ത ഇൻഷുറൻസ് കമ്പനികൾ നൽകിയ രേഖകൾ സമര്‍പ്പിച്ചാല്‍ അംഗീകരിക്കില്ല. അതിനിടെ അറുപത് കഴിഞ്ഞ ബിരുദധാരികളല്ലാത്ത പ്രവാസികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിച്ചുകൊണ്ട് ലേബർ അഡ്മിനിസ്ട്രേഷനുകൾക്ക് സർക്കുലർ പുറപ്പെടുവിക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കുടുംബമായി താമസിക്കുന്ന വിദേശി പ്രവാസികള്‍ക്ക് തങ്ങളുടെ മക്കളുടെ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറുവാന്‍ സാധിക്കും.

കഴിഞ്ഞ ദിവസമാണ് ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത അറുപത് വയസ്സിന് മുകളിലുള്ള  പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നത്‌ ആരംഭിച്ചത്.വര്‍ബ ഇൻഷുറൻസ് മാത്രമാണ് ഇപ്പോള്‍  ആരോഗ്യ ഇൻഷുറൻസ് പോളിസി നല്‍കുന്നത്. താമസ രേഖ പുതുക്കുന്നതിനായി 250 ദിനാറും ആരോഗ്യ ഇൻഷുറൻസും മാനവ ശേഷി സമിതിയുടെ ഓൺ ലൈൻ സംവിധാനം വഴി അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു..അപേക്ഷക്ക് അംഗീകാരം  ലഭിച്ചാല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിസ ഓട്ടോമേറ്റഡ് സിസ്റ്റം വഴി താമസ രേഖ പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും.  

Related News