ലതാ മങ്കേഷ്‌കറിന് സ്മാരകം: നേതാക്കൾ രണ്ട് തട്ടിൽ

  • 09/02/2022

മുംബൈ: ശവസംസ്‌കാര ചടങ്ങ് നടത്തിയ ശിവാജി പാർക്കിൽ ലതാ മങ്കേഷ്‌കറിന് സ്മാരകം പണിയണമെന്ന ആവശ്യത്തെ അനുകൂലിച്ചും എതിർത്തും നേതാക്കൾ. ബി.ജെ.പി. നേതാവും എം.എൽ.എ. യുമായ രാം കദം ആണ് സംസ്‌കാരം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ ഈ ആവശ്യമുയർത്തിയത്. ഇതിനെ പിന്തുണച്ച് മറ്റു പല രാഷ്ട്രീയ നേതാക്കളുമെത്തി. അതോടെ പല ഭാഗത്തു നിന്നും എതിർപ്പും ഉയർന്നു. ഇപ്പോൾ അതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ലതാ മങ്കേഷ്‌കറുടെ കുടുംബാഗങ്ങളുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് ശിവസേനാ നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞത്.

ലതാ മങ്കേഷ്‌കറിന് സ്മരകം പണിയണമെന്നാവശ്യപ്പെട്ട് രാം കദം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതിയിരുന്നു. ഈ ആവശ്യത്തെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെ പിന്താങ്ങുകയുമുണ്ടായി. എന്നാൽ ഇരുവരുടേയും പാർട്ടിയിൽ നിന്നു തന്നെ ആദ്യം എതിർപ്പുണ്ടായി. കൂടാതെ രാജ് താക്കറെയുടെ മഹാരാഷ്ട്രാ നവനിർമാൺ സേനയും വഞ്ചിത് ബഹുജൻ അഘാഡിയും ഇതിനെ എതിർക്കുകയാണ്. സ്മാരകം നിർമിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ അത് ശിവാജി പാർക്കിനെ വെട്ടിമുറിച്ചാവരുതെന്നുമാണ് ഇവർ പറയുന്നത്.

ആയിരങ്ങൾ കളിച്ചു വളർന്ന മൈതാനമാണ് ശിവാജി പാർക്ക്. അതിനാൽ സ്മാരകം മുംബൈയിൽ മറ്റെവിടെയെങ്കിലും ആവാമെന്നാണ് എതിർക്കുന്നവർ പറയുന്നത്. രാഷ്ട്രീയക്കളികളിച്ച് ശിവാജി പാർക്കിനെ മെല്ലെ മെല്ലെ ഇല്ലാതാക്കരുതെന്നാണ് എം.എൻ.എസ്. നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറയുന്നത്. കോൺഗ്രസ് നേതാവ് സഞ്ജയ് ലഖിയും ബി.ജെ.പി. നേതാവ് ആശിഷ് ഷെല്ലാറും ഇതേ അഭിപ്രായക്കാരാണ്. ശിവാജി പാർക്കിന് സമീപത്ത് താമസിക്കുന്നവരും മൈതാനത്തെ വെട്ടിമുറിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. എം.എൻ.എസ്. നേതാവ് രാജ് താക്കറെ താമസിക്കുന്നതും മൈതാനത്തിനുടുത്തുള്ള കെട്ടിടത്തിലാണ്.

Related News