ഹിജാബ് ഹർജികളിൽ ഇന്ന് വാദം തുടരും; കർണാടകയിൽ സ്‌കൂളുകൾ തുറക്കും, മംഗളൂരുവിലും നിരോധനാജ്ഞ

  • 13/02/2022

ബംഗളൂരു: ഹിജാബ് നിരോധനത്തിന് എതിരായ ഹർജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. മതാചാര വസ്ത്രങ്ങൾ ധരിക്കണമെന്ന് വിദ്യാർത്ഥികൾ നിർബന്ധം പിടിക്കരുതെന്ന് കർണാടക ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. അന്തിമ വിധി വരുന്നത് ഹിജാബ് നിരോധനം തുടരണമെന്നും കോളേജുകൾ ഉടൻ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ ഇന്ന് തുറക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധയിടങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. മംഗളൂരു നഗരത്തിലും ഹൈസ്‌കൂൾ പരിസരങ്ങളുടെ 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറു മണി മുതൽ ശനിയാഴ്ച വൈകുന്നേരം ആറുമണി വരെയാണ് നിരോധനാജ്ഞ. സർക്കാർ സ്ഥാപനങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കൽ, റാലികൾ നടത്തൽ, ആഹ്ലാദപ്രകടനങ്ങൾ എന്നിവയെല്ലാം നിരോധിച്ചു.

ഹിജാബ് - കാവി ഷാൾ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി. അതേസമയം,  ഹിജാബ് വിഷയത്തിൽ കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദിന്റെ പ്രസ്താവന വൻ വിവാദമായിരിക്കുകയാണ്. ഹിജാബ് പെൺകുട്ടികളുടെ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതാണെന്ന് സമീർ അഹമ്മദ് പറഞ്ഞു. ഹിജാബ് ധരിച്ചില്ലെങ്കിൽ പെൺകുട്ടികൾ പീഡനത്തിന് ഇരായകും. ബലാത്സംഗങ്ങൾ തടയാൻ ഹിജാബ് അനിവാര്യമെന്നുമാണ് കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവന. ഹുബ്ലിയിൽ മാധ്യമപ്രവർത്തകരെ കാണുമ്പോഴായിരുന്നു വിവാദ പരാമർശം. മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

Related News