'പഞ്ചാബിന്റെ സുരക്ഷക്ക് സ്ഥിരതയുള്ള സർക്കാർ', ഇക്കുറി എൻഡിഎ ഭരിക്കുമെന്ന് നരേന്ദ്രമോദി

  • 14/02/2022

ദില്ലി: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബ് ഇക്കുറി എൻഡിഎ ഭരിക്കുമെന്ന് ജലന്ധറിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വന്തം കാര്യം നോക്കാനാണ് കോൺഗ്രസിന് താൽപര്യം. പഞ്ചാബിന്റെ  വികസനം കോൺഗ്രസിന് ഒരു വിഷയമേയല്ല. പഞ്ചാബിന്റെ സുരക്ഷക്ക് വേണ്ടി സ്ഥിരതയുള്ള സർക്കാർ വരണം. അതിന് എൻഡിഎ തന്നെ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമരീന്ദർ സിംഗിനെ അപമാനിച്ചതിന് കോൺഗ്രസിന് തിരിച്ചടി കിട്ടുമെന്നും അമരീന്ദറിനെ വേദിയിലിരുത്തി മോദി കൂട്ടിച്ചേർത്തു. 

ചെറുകിട കർഷകരുടെ ക്ഷേമമാണ് ബിജെപി സർക്കാരിന്റെ മുഖ്യ അജണ്ട. പി എം കിസാൻ പദ്ധതിയുടെ പ്രയോജനം പഞ്ചാബിൽ മാത്രം 23 ലക്ഷം കർഷകർക്ക് ലഭിച്ചു. കർഷകർക്കായി ബിജെപി ഏറെ കാര്യങ്ങതുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസ് രക്തസാക്ഷികളെ അപഹസിക്കുകയും സൈന്യത്തെ ചോദ്യം ചെയ്യുകയുമാണ്. അവർക്കൊപ്പം ചേർന്ന് ആം ആദ്മി പാർട്ടി സർജിക്കൽ സ്‌ട്രൈക്കിനെയും ചോദ്യം ചെയ്യുന്നുവെന്നും മോദി കുറ്റപ്പെടുത്തി. 

സുരക്ഷാ വിഷയത്തിൽ സംസ്ഥാന പൊലീസിനെതിരെയും മോദി വിമർശിച്ചു. ജലന്ധറിലെ ക്ഷേത്രം സന്ദർശിക്കാൻ തനിക്ക് താൽപര്യമുണ്ടായിരുന്നുവെങ്കിലും സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേണമെങ്കിൽ ഹെലികോപ്റ്ററിൽ പൊയ്‌ക്കൊള്ളാനാണ് പൊലീസ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കനത്ത സുരക്ഷയിലാണ് പഞ്ചാബിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടക്കുന്നത്. 

Related News