ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ചില്ല; കുടകിൽ 30 വിദ്യാർത്ഥിനികളെ തിരിച്ചയച്ചു

  • 14/02/2022

ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ രണ്ട് ഇടങ്ങളിൽ പരീക്ഷ എഴുതിച്ചില്ല. കുടകിൽ 30 വിദ്യാർത്ഥിനികളെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയിൽ 13 വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധ്യാപകർ നിലപാട് എടുക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചത്.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചിരുന്നു. വൻ പൊലീസ് വിന്യാസത്തിലാണ് സ്‌കൂളുകൾ ഇന്ന് തുറന്നത്. ഹിജാബും ബുർഖയും ധരിച്ചെത്തിയവരെ സ്‌കൂളുകളുടെ പ്രധാന കവാടത്തിൽ വച്ച് അധ്യാപകർ തടഞ്ഞു. ഹിജാബും ബുർഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിൻറെ പേരിൽ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ ഇന്ന് നിയമസഭയിലെത്തിയത്. ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ ഉടൻ വാദം തുടങ്ങും.

കേസിൽ അന്തിമ ഉത്തരവ് വരുന്നത് വരെ മതാചാരവസ്ത്രങ്ങൾ ധരിച്ചെത്തുന്നത് വിദ്യാർത്ഥികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹിജാബ് വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയെന്ന് കോൺഗ്രസ് ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സഭയിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് നീക്കം. കറുത്ത ബാഡ്ജ് ധരിച്ചാണ് കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്. ഉഡുപ്പിയിൽ അടക്കം നിരോധനാജ്ഞ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കൂട്ടം കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

Related News