'നൊമ്പരപ്പെടുത്തുന്ന പ്രണയദിനം'; റിയാലിറ്റി ഷോയ്ക്കിടെ പ്രിയതമനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് മേഘ്നാ രാജ്, വീഡിയോ

  • 14/02/2022

തെന്നിന്ത്യയുടെ പ്രിയനടിയാണ് മേഘ്നാ രാജ്. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ മേഘ്ന ഭര്‍ത്താവിന്‍റെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. 2020 ൽ അപ്രതീക്ഷിതമായാണു മേഘ്‌ന രാജിന്‍റെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. അന്നു മുതൽ മകനൊപ്പം ഭർത്താവിന്റെ ഓർമകളില്‍ ജീവിക്കുകയാണ് നടി. 

ചിരഞ്ജീവി സർജയുടെ മരണസമയത്ത് മേഘ്ന ഗര്‍ഭിണിയായിരുന്നു. അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച ആഘാതത്തിൽ നിന്ന് മേഘ്ന പുറത്തുവരാൻ സമയമെടുക്കുമെന്ന് പലരും കരുതിയെങ്കിലും അതിശയകരമായ വേഗത്തിലാണ് സാധാരണ ജീവിതത്തിലേക്ക് അവർ മടങ്ങിയെത്തിയത്. കന്നടയിലെ ഒരു ടെലിവിഷൻ ചാനലിൽ മേഘ്‌ന ഇപ്പോൾ ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവ് കൂടിയാണ്. 

ഇക്കഴിഞ്ഞ ദിവസം ഷോയ്ക്കിടെ നടി ഭർത്താവിന്റെ ഓർമകൾ പ്രേക്ഷകരുമായി പങ്കുവച്ചു.
2019 ൽ ആദ്യത്തെ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു നെക്‌ളേസാണ് ചിരഞ്ജീവി മേഘ്‌നയ്ക്ക് സമ്മാനിച്ചത്. വാലന്റൈൻസ് ഡേയ്ക്കും സമ്മാനങ്ങൾ നൽകാൻ അദ്ദേഹം മറന്നിരുന്നില്ല. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്. മുട്ടുകാലിൽ നിന്ന് ആചാരപരമായാണ് അദ്ദേഹം മേഘ്‌നയോട് വിവാഹാഭ്യർഥന നടത്തിയതും. ഓർമകൾ ഒന്നൊന്നായി വിവരിക്കുമ്പോൾ മേഘ്‌ന ചിരിക്കുകയായിരുന്നു. 

എന്നാൽ, പെട്ടെന്ന് സംഘാടകർ ചിരഞ്ജീവിയുടെ ശബ്ദം കേൾപ്പിച്ചതോടെ നടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. റിയാലിറ്റി ഷോ വേദിയില്‍ മേഘ്ന പൊട്ടിക്കരഞ്ഞു.  2018 ഏപ്രിൽ 29 നാണ് ഇരുവരുടെയും വിവാഹം നടന്നത്. 2020 ജൂൺ 7നാണ് ചിരഞ്ജീവി സർജ മരിക്കുന്നത്.  10 വർഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും. ദീർഘകാലത്തെ സൗഹൃദത്തിനൊടുവിലാണ് അവർ പ്രണയ ബദ്ധരാകുന്നതും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും.

Related News