കാലിത്തീറ്റ കുംഭകോണം; അഞ്ചാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

  • 15/02/2022

ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

കാലിത്തീറ്റ കുംഭകോണത്തിൽ 53 കേസുകളാണ് സിബിഐ 1996ൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ലാലു പ്രസാദ് യാദവ് അഞ്ച് കേസുകളിലാണ് പ്രതി ചേർക്കപ്പെട്ടിരുന്നത്. ആദ്യത്തെ നാലു കേസുകളിൽ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 26 വർഷത്തിന് ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാനക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിധി വരുന്നത്. 

കാലിത്തീറ്റ കുംഭകോണവും ആയി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തുക പിൻവലിച്ചിരുന്നത് ഡൊറാൻഡ ട്രഷറിയിൽ നിന്നായിരുന്നു. 139.35 കോടി രൂപ. ഈ കേസിൽ75 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 24 പേരെ വെറുതെവിട്ടു. ലാലു പ്രസാദ് യാദവ് ഉൾപ്പടെയുള്ള 51 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി വിധിച്ചു. 

2017 മുതൽ മൂന്നര വർഷക്കാലം അദ്ദേഹം ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.

 ലാലുപ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പിൽ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്. ആദ്യ നാല് കേസുകളിലെ ശിക്ഷയ്ക്ക് എതിരെ ലാലു പ്രസാദ് യാദവ് നൽകിയ അപ്പീൽ നിലവിൽ ജാർഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Related News