ലഖിംപൂർ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണം, സുപ്രീം കോടതിയിൽ ഹർജി

  • 17/02/2022

ദില്ലി: ലഖിംപൂർ ഖേരി സംഘർഷ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ  ഹർജി. ജാമ്യത്തിലിറങ്ങിയിരിക്കുന്ന ആശിഷ് മിശ്ര തെളിവ് നശിപ്പിക്കുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. യുപി സർക്കാർ കർഷകർക്ക് നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

തിങ്കളാഴ്ച്ച അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഒക്ടോബർ 9 നായിരുന്നു ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ആശിഷ് മിശ്രയ്‌ക്കെതിരെ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്കിയിരുന്നു. സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ആശിഷ് മിശ്ര ആദ്യം ജാമ്യാപേക്ഷ നല്കിയത്.  കുറ്റപത്രത്തിൽ വാഹനമോടിച്ചത് താനല്ലെന്ന് പറയുന്നുണ്ടെന്നും അതിനാൽ കർഷകരെ ഇടിച്ചതിന് ഉത്തരവാദിത്തമില്ലെന്നും ആശിഷ് മിശ്ര വാദിച്ചു. 

ഒക്ടോബർ മൂന്നിന് നടന്ന സംഭവം യാദൃശ്ചികമായിരുന്നില്ല. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ കർഷകരുടെ മേൽ വാഹനം ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. ഇതിനായി ദിവസങ്ങളോളം നീണ്ട ഗൂഢാലോചന നടന്നുവെന്ന് പ്രത്യേക അന്വഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 

Related News