പാദസരത്തിനായി മുത്തശ്ശിയെ കൊലപ്പെടുത്തി; കാല് വെട്ടി മാറ്റി, മൃതദേഹം സംസ്കരിച്ചു

  • 17/02/2022

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം പാദങ്ങള്‍ വെട്ടിമാറ്റി. തുടര്‍ന്ന് സഹോദരങ്ങളായ രാജേഷും സുരേഷും മൃതദേഹം സംസ്‌കരിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ 75കാരിയായ ജംനബായിയെ കാണാതായിരുന്നു. തിങ്കളാഴ്ച ഇവരെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ വീടിന് സമീപത്തെ ബയോഗ്യാസ് കുഴിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഇവരുടെ കാലില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. 

സംഭവം ഉണ്ടായ ദിവസം രാജേഷ് മുത്തശ്ശിയോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീടാണ് കാലില്‍ കിടന്ന വെള്ളിപാദസരം ആവശ്യപ്പെട്ടത്. അതിനും മുത്തശ്ശി തയ്യാറാകാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ രാജേഷ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ അറുത്തെടുത്ത പാദവും ആഭരണങ്ങളുമായി കടന്നുകളഞ്ഞു.

പിന്നീട് സഹോദരനെ വിളിച്ചുവരുത്തി മുത്തശ്ശിയുടെ മൃതദേഹം സമീപത്തെ ബയോഗ്യാസ് കുഴിയില്‍ സംസ്‌കരിച്ചു. സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയതായി സമ്മതിക്കുകയായിരുന്നു. പ്രതികളില്‍ നിന്ന് ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.

Related News