ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ ഒന്നല്ലെന്ന് ഹൈക്കോടതിയിൽ കർണാടക സർക്കാർ

  • 18/02/2022

ബെംഗളൂരു: ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25-ന്റെ ലംഘനമല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കർണാടക സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവദ്ഗിയാണ് കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരേ നൽകിയ ഹർജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഇക്കാര്യം അറിയിച്ചത്.

ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നിയമാനുസൃതമാണെന്നും അതിനെ എതിർക്കേണ്ട കാര്യമില്ലെന്നും എജി പറഞ്ഞു. 'ഉത്തരവ് വിദ്യാഭ്യാസ നിയമവുമായി യോജിച്ചു പോകുന്നതാണെന്നാണ് ആദ്യമായി പറയാനുള്ളത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ മതപരമായ ആചാരത്തിൽ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. മൂന്നാമത്തേത്, ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശത്തിൽ ഉൾപ്പെടുന്ന ഒന്നല്ല', എജി കോടതിയിൽ കൂട്ടിച്ചേർത്തു.

കേസിൽ ഇന്ന് ആറാം ദിവസമാണ് കർണാടക ഹൈക്കോടതിയിൽ വാദം കേട്ടത്. തിങ്കളാഴ്ചയും വാദം തുടരുമെന്ന് അറിയിച്ച് കോടതി ഇന്നത്തേക്ക് പിരിഞ്ഞു. മതപരമായ വസ്ത്രങ്ങൾ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തിൽ രേഖാമൂലം അപേക്ഷ തന്നാൽ മാത്രമേ തങ്ങൾക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Related News