മൂത്ത മകള്‍ ദലിത് യുവാവിനെ കല്യാണം കഴിച്ചു; ഭാര്യയെയും മക്കളെയും അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

  • 18/02/2022

ചെന്നൈ: തമിഴ്നാട്ടില്‍ മകള്‍ ദലിത് യുവാവിനെ വിവാഹം കഴിച്ചതില്‍ ക്ഷുഭിതനായ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. ഭാര്യയെയും ഇളയ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

ചായക്കട നടത്തി ജീവിക്കുകയായിരുന്ന ലക്ഷ്മണന്‍ എന്ന 55കാരനാണ് കൊലപാതകം നടത്തി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ലക്ഷ്മണനും ഭാര്യ ഭുവനേശ്വരിക്കും മൂന്ന് പെണ്‍മക്കളാണുള്ളത്. ഇവരുടെ മൂത്തമകള്‍ തനലക്ഷ്മി ഗ്രാമത്തിലെ തന്നെ ഒരു ദലിത് യുവാവുമായി പ്രണയത്തിലായിരുന്നു. ലക്ഷ്മണന്‍റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായി. അന്ന് മുതല്‍ ലക്ഷ്മണന്‍ അസ്വസ്ഥനായിരുന്നു. 

വ്യാഴാഴ്ച രാത്രി ലക്ഷ്മണന്‍ അമ്മിക്കല്ലുകൊണ്ട് ഇടിച്ച് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ലക്ഷ്മണന്‍ ചായക്കട തുറന്നില്ല. രാവിലെ വീട്ടിലെത്തിയ അയല്‍വാസികളാണ് ലക്ഷ്മണനെയും ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

Related News