പഞ്ചാബിനും ഉത്തർപ്രദേശിനും ഇനി നിശബ്ദ പ്രചാരണത്തിന്റെ സമയം; വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്

  • 18/02/2022

ചണ്ഡിഖഡ്: പഞ്ചാബ് തെരഞ്ഞെടുപ്പിനും ഉത്തർപ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനും ഇനി നിശബ്ദ പ്രചാരണത്തിൻറെ സമയം. വാശിയേറിയ പരസ്യപ്രചരണത്തിന് കലാശക്കൊട്ട് വീണതോടെ അവസാന വട്ട വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. പഞ്ചാബ് ജനതയും ഉത്തർപ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള വോട്ടർമാരും നാളെയാണ് പോളിംഗ് ബുത്തിലെത്തുക. പഞ്ചാബിൽ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ശക്തമായ ചതുഷ്‌കോണ മൽസരമാണ് സംസ്ഥാനത്ത് ഇത്തവണ. അടിയൊഴുക്കുകൾ വിധി നിശ്ചയിക്കുമെന്നാണ് വിലയിരുത്തലുകൾ. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്.

ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പഞ്ചാബിൽ തിരശ്ശീല വീണത്. പ്രമുഖ പാർട്ടികളുടെ റോഡ് ഷോയോടെയാണ് പരസ്യ പ്രചാരണത്തിന് കലാശക്കൊട്ടായത്. അവസാന ദിവസം വലിയ ചർച്ചയായി മാറിയത് ഖാലിസ്ഥാൻ പരാമർശവും കോൺഗ്രസിൻറെ പ്രകടന പത്രികയുമാണ്. കെജ്രിവാളിനെതിരായ കുമാർ ബിശ്വാസിൻറെ ഖാലിസ്ഥാൻ ആരോപണം കോൺഗ്രസും ബിജെപിയും ഒരേ പോലെ ഏറ്റെടുത്ത് ചർച്ചയാക്കി. ഭീകരനെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്നായിരുന്നു ദില്ലി മുഖ്യമന്ത്രി തിരിച്ചടിച്ചത്. രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്ന ആരോപണവും ക്രെജ്രിവാൾ അഴിച്ചുവിട്ടു. ചന്നിയുടെ ഭയ്യ പരാമർശം വിവാദമായതിന് പിന്നാലെയാണ് കെജ്രിവാളിനെതിരായ കുമാർ വിശ്വാസിൻറെ ആരോപണം രാഷ്ട്രീയ കൊടുങ്കാറ്റായത്.

ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് കോൺഗ്രസും ബിജെപിയും ഉന്നമിടുന്നത്. അതിനിടെ വാഗ്ദാന പെരുമഴയുമായി കോൺഗ്രസ് പ്രകടനപത്രികയും പുറത്തിറക്കി. സത്രീകൾക്ക് പ്രതിമാസം 1100 രൂപ വീതം നൽകുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം അടക്കം വാഗ്ദാനങ്ങളടങ്ങുന്നതാണ് കോൺഗ്രസിൻറെ പ്രകടനപത്രിക. പഞ്ചാബിൽ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. സംസ്ഥാനത്ത് ജനവിധി തേടുന്ന 1304 സ്ഥാനാർഥികളിൽ 93 പേർ വനിതകളാണ്.

Related News