ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

  • 18/02/2022

ബെംഗളൂരു: ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയിൽ അരങ്ങേറിയത്. ഹിജാബ് മതാചാരത്തിൻറെ ഭാഗമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തിൽ ഹിജാബ് വരില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ല ഹിജാബ് എന്നും, ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാർമ്മികതയില്ലെന്നും കർണാടക സർക്കാർ കോടതിയിൽ പറഞ്ഞു. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ കോളേജ് വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്.

ദിവസങ്ങളായി കർണാടക ഹൈക്കോടതിയിൽ വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാർ, ചികിത്സാരീതി തീരുമാനിക്കുമ്പോഴേക്കും ആന ചെരിയുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടികാട്ടി. ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. ഭരണഘടനാപരമായ വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. തിടുക്കം കാട്ടുകയല്ല, എല്ലാം വശങ്ങളും പരിശോധിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ ഭരണഘടനാപരമായ വിഷയങ്ങളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് രണ്ട് വിഭാഗങ്ങളും തമ്മിലാണ് ശ്രമിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കാനുള്ളതിനാൽ വാദം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹർജിയിൽ ഇന്ന് വിധിയുണ്ടാകുമോയെന്ന് കണ്ടറിയണം.

അതിനിടെ കർണാടകയിൽ ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് കോളേജ് അധ്യാപിക രാജിവച്ചു. തുംക്കുരു പിയു കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ചാന്ദിനിയാണ് ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് രാജിവച്ചത്. ഹിജാബ് ധരിച്ചെത്തിയ അധ്യാപകിയെ കഴിഞ്ഞ ദിവസം കോളേജിന് മുന്നിൽ തടഞ്ഞിരുന്നു. ജോലിയിൽ പ്രവേശിച്ചത് മുതൽ ഹിജാബ് ധരിച്ചാണ് പഠിപ്പിക്കുന്നതെന്നും ഇത്തരം അനുഭവം ആദ്യമാണെന്നും ചാന്ദിനിയുടെ  രാജിക്കത്തിൽ പറയുന്നു.

Related News