100 കിസാൻ ഡ്രോണുകൾ പ്രവർത്തനക്ഷമം; സാക്ഷിയായി പ്രധാനമന്ത്രി

  • 19/02/2022

ദില്ലി: രാജ്യത്തുടനീളമുള്ള 100 സ്ഥലങ്ങളിൽ കിസാൻ ഡ്രോണുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിലൂടെ അറിയിച്ചു. 'രാജ്യത്തുടനീളമുള്ള 100 സ്ഥലങ്ങളിൽ കിസാൻ ഡ്രോണുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് സാക്ഷ്യം വഹിച്ചതിൽ സന്തോഷമുണ്ട്.  ഗരുഡ ഇന്ത്യ എന്ന ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പിന്റെ അഭിനന്ദനാർഹമായ സംരംഭമാണിത് - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നൂതന സാങ്കേതികവിദ്യ നമ്മുടെ കർഷകരെ ശാക്തീകരിക്കുകയും കൃഷി കൂടുതൽ ലാഭകരമാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് കേന്ദ്രം കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.  വിളകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും ഭൂരേഖകൾ ഡിജിറ്റലാക്കി മാറ്റുന്നതിനും കീടനാശിനികൾ തളിക്കുന്നതിനുമെല്ലാം ഡ്രോണുകൾ ഉപയോഗപ്പെടുത്താനാണ് നീക്കം. ഡ്രോണുകൾ കാർഷിക മേഖലയ്ക്ക് ഉപകരിക്കപ്പെടുന്ന രീതിയിൽ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾക്കും വലിയ അവസരമാണ് മുന്നിലുള്ളത്.

നിലവിൽ ഏകദേശം 20,000-30,000 കോടി രൂപയുടേതാണ് രാജ്യത്തെ ഡ്രോൺ വിപണി. ഇതിൽ 10-15 ശതമാനമെങ്കിലും കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തിയാൽ വമ്പൻ മാറ്റമായിരിക്കും സംഭവിക്കുക. ഡ്രോണുകളുടെ വിന്യാസത്തിലൂടെ കാർഷിക മേഖലയിൽ നിന്നുളള മൊത്തം ആഭ്യന്തര ഉൽപ്പാദന(ജിഡിപി)ത്തിൽ ഏറ്റവും ചുരുങ്ങിയത് ഒന്നര ശതമാനത്തിന്റെയെങ്കിലും വർധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Related News