സ്കൂട്ടര്‍ വാങ്ങണമെന്ന് തീവ്രമായ ആഗ്രഹം; കൂട്ടിവെച്ച നാണയത്തുട്ടുകള്‍ ചാക്കിലാക്കി പച്ചക്കറി കച്ചവടക്കാരന്‍, വീഡിയോ വൈറല്‍

  • 19/02/2022

അസം: ടൂവീലര്‍ വാങ്ങണമെന്ന അതിയായ ആഗ്രഹത്തിന്‍റെ പേരില്‍ ചില്ലറത്തുട്ടുകള്‍ കൂട്ടിവെച്ച് ഒടുവില്‍ തന്‍റെ ആഗ്രഹം സഫലമാക്കി പച്ചക്കറി കച്ചവടക്കാരന്‍. ഒരു ടൂ വീലറിന് വേണ്ടി മോഹിച്ച് സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി വാഹന ഷോറൂമിലെത്തിയ ഒരു പച്ചക്കറി കച്ചവടക്കാരന്റെ കഥയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. അസമിലെ ബര്‍പേട്ടയിലാണ് സംഭവം. 

തെരുവില്‍ പച്ചക്കറി വില്‍പന നടത്തുന്ന ഹാഫിസ് ആഖന്ദ് എന്നയാള്‍ ഏറെ നാളായി ഒരു ടൂ വീലര്‍ ആഗ്രഹിക്കുന്നു. ഇതിനുള്ള പണം തികയ്ക്കാന്‍ താന്‍ അല്‍പം കാത്തിരിക്കേണ്ടി വരുമെന്ന് മനസിലാക്കിയ ഹാഫിസ്. നാണയത്തുട്ടുകള്‍ ശേഖരിച്ചുതുടങ്ങി. ഇതിനിടെ ഹൗളിയിലെ ഒരു ടൂ വീലര്‍ ഷോറൂം നടത്തിയ പ്രമോഷന്‍ പരിപാടി ഹാഫിസ് കാണാനിടയായി. അവരുടെ അടുക്കല്‍ ചെന്ന് തന്റെ നാണയ ശേഖരത്തിന്റെ കാര്യം അദ്ദേഹം അവതരിപ്പിച്ചു. 

അവര്‍ അതുമായി ഷോറൂമിലേക്ക് വരാന്‍ പറഞ്ഞതോടെ ഹാഫിന്റെ ആഗ്രഹം സഫലമായി. ചാക്കില്‍ കെട്ടിയ നാണയത്തുട്ടുകളുടെ ശേഖരവുമായി അദ്ദേഹം ഹൗളിയിലെ ഷോറൂമിലെത്തി. അവിടെ വച്ച് ജീവനക്കാര്‍ക്ക് ഈ നാണയ ശേഖരം കൈമാറി. 

ജീവനക്കാരെല്ലാം ചേര്‍ന്ന് മൂന്ന് മണിക്കൂറെടുത്താണ് നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. ആകെ 22,000 രൂപയാണ് ചാക്കിലുണ്ടായിരുന്നത്. ഇത് വാങ്ങി, ഹാഫിസിന് വണ്ടി നല്‍കിയിരിക്കുകയാണ് കമ്പനി. ബാക്കി പണം ഫിനാന്‍സിംഗിലൂടെ കണ്ടെത്തുകയും ചെയ്തു. ഹാഫിസിന്‍റെ കഥ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 



Related News