നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും ഇന്ന് വിധിയെഴുതും

  • 20/02/2022

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും ഇന്ന് വിധിയെഴുതും. ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പഞ്ചാബില്‍ 117 സീറ്റുകളിലേയ്ക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നേരത്തെ ഫെബ്രുവരി 14ന് നടക്കേണ്ട വോട്ടെടുപ്പ് ഗുരു രവിദാസ് ജയന്തി നടക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യപ്പെടുകയായിരുന്നു. 1304 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

യുപിയില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് 59 മണ്ഡലങ്ങളിലേയ്ക്കാണ്. 627 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. ഇതില്‍ 97 വനിതാ സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെടും. അഖിലേഷ് യാദവാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖന്‍. കര്‍ഹാള്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ഇദ്ദേഹത്തിനെതിരെ നിയമമന്ത്രി സത്യപാല്‍ സിംഗിനെയാണ് ബിജെപി മത്സരരംഗത്ത് നിര്‍ത്തിയിരിക്കുന്നത്. അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാല്‍ സിംഗ് യാദവും ഇന്ന് ജനവിധി തേടുന്നുണ്ട്.

രാവിലെ 7 മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിംഗ്. പഞ്ചാബില്‍ സമയപരിധി അവസാനിച്ചിട്ടും പ്രചാരണം നടത്തിയെന്ന പരാതിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശുഭ്ദീപ് സിങ് സിദ്ദു എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related News