പ്രായപൂർത്തിയാകും മുൻപ് വ്യാജരേഖ ചമച്ച് ബാർ ലൈസൻസ് നേടി: സമീർ വാങ്കഡെക്കെതിരെ എഫ്.ഐ.ആർ

  • 20/02/2022

വ്യാജരേഖ ചമച്ച കേസിൽ നർകോടിക്‌സ് കൺട്രോൾ ബ്യൂറോയുടെ മുംബൈയിലെ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ എഫ്.ഐ.ആർ. ബാർ ലൈസൻസ് നേടാൻ വയസിൽ കൃത്രിമം കാണിക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്‌തെന്നാണ് കേസ്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശങ്കർ ഗോഗവാലെയാണ് പരാതി നൽകിയത്. 1996-97 കാലത്ത് നവിമുംബൈയിൽ സദ്ഗുരു എന്ന ബാറിൻറെ ലൈസൻസ് സ്വന്തമാക്കുമ്‌ബോൾ സമീർ വാങ്കഡെയ്ക്ക് 18 വയസ്സിൽ താഴെയായിരുന്നു പ്രായമെന്ന് പരാതിയിൽ പറയുന്നു. ബാറിൻറെ ലൈസൻസ് റദ്ദാക്കാൻ താനെ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.

പ്രായപൂർത്തിയാകുന്നതിന് മുമ്‌ബേ സമീർ വാങ്കഡെ ബാർ ലൈസൻസ് സ്വന്തമാക്കിയെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക് നേരത്തെ ആ?രോപിച്ചിരുന്നു. 17 വയസ്സുള്ളപ്പോഴാണ് വാങ്കഡെ ബാർ ലൈസൻസ് സ്വന്തമാക്കിയതെന്നാണ് നവാബ് മാലിക് പറഞ്ഞത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെറ്റായ വിവരങ്ങൾ നൽകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് താനെയിലെ കൊപാരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമീർ വാങ്കഡെ വാർത്തകളിൽ നിറഞ്ഞത്. ആര്യനെ കേസിൽപ്പെടുത്തിയത് ഷാരൂഖിൽ നിന്ന് പണം തട്ടാനാണെന്ന് ആരോപണമുയർന്നു. സമീർ വാങ്കഡെക്കെതിരെ ആരോപണമുയർന്നതോടെ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ മാറ്റുകയുണ്ടായി.

Related News