സംഘർഷ സാധ്യത: ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് വീണ്ടും വിദേശകാര്യമന്ത്രാലയം

  • 20/02/2022

ദില്ലി: യുക്രൈൻ- റഷ്യ സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് വീണ്ടും വിദേശകാര്യമന്ത്രാലയം. താമസം അനിവാര്യമല്ലാത്ത എല്ലാവരും യുക്രൈൻ വിടണമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിക്കുന്നത്. പ്രത്യേക വിമാന സർവ്വീസുകൾ രാജ്യം നടത്തുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തി, വിദ്യാർത്ഥികളടക്കം മടങ്ങാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. യുക്രൈനിലെ  ഇന്ത്യൻ എംബസി ജീവനക്കാരോടും മടങ്ങാൻ നിർദ്ദേശിച്ചേക്കുമെന്നാണ് വിവരം. യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. പതിനെണ്ണായിരത്തിലേറെ ഇന്ത്യക്കാർ യുക്രൈനിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഇന്ത്യക്കും യുക്രൈനുമിടയിൽ എയർ ഇന്ത്യ മൂന്ന് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22, 24, 26 തീയതികളിലാകും സർവ്വീസ് നടത്തുക. എയർ ഇന്ത്യ വെബ്‌സൈറ്റ്, കോൾസെൻറർ, ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യക്കും യുക്രൈനുമിടയിൽ വിമാനസർവ്വീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്.

യുക്രൈൻ പ്രശ്നത്തിൽ വേണ്ടത് ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണെന്നാണ് ഇന്ത്യൻ നിലപാട്. 2015 ൽ യുക്രൈനും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related News