പത്താംക്ലാസ് പോലും പാസായില്ല, ഡോക്ടറും വക്കീലും ചമഞ്ഞ് വിവാഹ തട്ടിപ്പ്; 66 കാരന്‍ നാല് കൊല്ലത്തില്‍ നടത്തിയത് 25 വിവാഹ തട്ടിപ്പുകള്‍!

  • 21/02/2022

ഭുവനേശ്വര്‍: ഇന്ത്യയെ ഞെട്ടിച്ച് വന്‍ വിവാഹ തട്ടിപ്പ്.  അറുപത്തിയാറുകാരനായ ഒഡീഷ സ്വദേശി രമേഷ് സ്വയ്ന്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ നിന്നായി വിവാഹം കഴിച്ചത് ഇരുപത്തിയഞ്ചിലേറെ സ്ത്രീകളെ.  അഞ്ച് അടി നാലിഞ്ച് പൊക്കമുള്ള രമേഷ്, സുപ്രീംകോടതി അഭിഭാഷകന്‍, ഐഎഎസ് ഓഫീസര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, സൈനിക ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ എത്തിയാണ് വിവാഹം നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഇയാള്‍ പത്താംക്ലാസ് പോലും പാസായിട്ടില്ല.

ഡോക്ടറെന്ന വ്യാജേന ഇയാള്‍ കേരളത്തിലും വിവാഹത്തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരില്‍ കൂടുതലും ഡോക്ടര്‍മാരാണ്. കൊച്ചിയില്‍ മുന്‍പൊരു തട്ടിപ്പുകേസില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറയുന്നു. സുപ്രീം കോടതി അഭിഭാഷകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമെല്ലാം ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.

ഡല്‍ഹിയിലുള്ള വനിത ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രമേഷ് അറസ്റ്റിലാകുന്നതും 1982 മുതല്‍ ഇയാള്‍ നടത്തിയ വിവാഹത്തട്ടിപ്പുകള്‍ പുറത്തുവരുന്നതും. അസമിലെ ഡോക്ടറെ കബളിപ്പിച്ച് 23 ലക്ഷം രൂപയാണു തട്ടിയെടുത്തത്. 1956 ല്‍ ജനിച്ച രമേഷ് 1971 ലാണ് ജനിച്ചത് എന്ന് കാണിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കിയിരുന്നു.

ഭാര്യമാരില്‍ 16 പേരും ഒഡീഷക്ക് പുറത്തു നിന്നുള്ളവരാണെന്നും പലരും ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയുമുള്ളവരാണെന്നും ഭൂവനേശ്വര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. മാധ്യമങ്ങളിലെ വാര്‍ത്തകളെ തുടര്‍ന്ന് കേരളത്തില്‍ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരന്‍ വിളിച്ചുവെന്നും എന്നാല്‍ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഡോക്ടര്‍മാര്‍, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ അസി.കമന്‍ഡാന്റ്, ഇന്‍ഷുറന്‍സ് കമ്പനിയിലെ ജനറല്‍ മാനേജര്‍, സുപ്രിംകോടതി അഭിഭാഷക തുടങ്ങിയവരും കബളിപ്പിക്കപ്പെട്ടു.  2018ന് ശേഷം ഇയാള്‍ 25 വിവാഹങ്ങള്‍ കഴിച്ചെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധങ്ങള്‍ ഒന്നും നീണ്ടു നിന്നില്ല. 


Related News