ലൈഫ് പദ്ധതിയില്‍ പൂർത്തിയാക്കാനായത് 2.75 ലക്ഷം വീടുകള്‍, ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരമെന്ന് മുഖ്യമന്ത്രി

  • 22/02/2022

തിരുവനന്തപുരം: ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ശ്രമവുമായി ആരംഭിച്ച ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തുമായി 2.75 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായുള്ള 100 ദിന കര്‍മ പരിപാടിയില്‍പ്പെടുത്തി ലൈഫ് മിഷനിലൂടെ 20,000 വീടുകളും മൂന്നു ഭവന സമുച്ചയങ്ങളും കൈമാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിഴിഞ്ഞം മതിപ്പുറത്ത് നിര്‍മിച്ച 320 ഭവനങ്ങള്‍ ഉള്‍പ്പെടുന്ന ഭവന സമുച്ചയത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫിന്റെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസത്തിനു മുന്തിയ പ്രാധാന്യം നല്‍കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ച 'മനസോടിത്തിരി മണ്ണ്' ക്യാംപെയിനില്‍ നിരവധി സുമനസുകള്‍ ഭൂമി നല്‍കി സഹകരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സഹകരിച്ചു പദ്ധതി വിജയപ്രദമാക്കണം. ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് 100 ദിന കര്‍മപരിപാടി പോലുള്ളവ സംഘടിപ്പിക്കുന്നത്.

Related News