'കൊവിഡ് പ്രതിരോധത്തിൻറെ മറവിൽ നടന്നത് വൻ കൊള്ള, ധനകാര്യ പരിശോധന അന്വേഷണം മാത്രം പോര': പി സി വിഷ്ണുനാഥ്

  • 22/02/2022

തിരുവനന്തപുരം: സംസ്ഥാനത്ത്  കൊവിഡ് പ്രതിരോധത്തിൻറെ മറവിൽ വലിയ കൊള്ളയാണ് നടന്നതെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് മറുപടിയില്ല. വിഷയത്തിൽ ധനകാര്യ പരിശോധന അന്വേഷണം മാത്രം പോരാ. വിശദമായ അന്വേഷണം വേണമെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. 

ജനുവരി 30 നാണ് പിപിഇ കിറ്റ് വാങ്ങാൻ നടപടി തുടങ്ങിയത്. കെറോൺ എന്ന കമ്പനിക്ക് 325 രൂപയ്ക്കാണ് നിശ്ചയിച്ചത്. മാർച്ചിൽ അത് 525 ആയി. സാൻഫാർമ മെയിൽ 29 ന് വരുന്നു 30 ന് ഓർഡർ കൊടുക്കുന്നു. ഒറ്റ ദിവസം കൊണ്ടാണ് ഓർഡർ കൊടുത്തത്.  സ്റ്റോർ പർച്ചേസ് മാനുവലിന് വിരുദ്ധമായി ഓർഡർ കൊടുത്തു. കെറോൺ എന്ന കമ്പനിയിൽ നിന്ന് 500 രൂപ വച്ച് പി പി ഇ കിറ്റ് വാങ്ങാൻ ധാരണയായി. സാൻഫാർമ എന്ന കമ്പനിക്ക് 1500 രൂപ നിരക്കു വച്ചു നൽകുകയും ചെയ്തു. ഒരേ കാലഘട്ടത്തിലാണ് ഈ വ്യത്യസ്ത നിരക്ക് ക്വാട്ട് ചെയ്തത്. 

ഇൻഫ്രാറെഡ് തെർമോ മീറ്റർ വാങ്ങിയത് 5390 രൂപയ്ക്ക് ആണ്. വിപണിയിൽ 1500 രൂപ വിലയുള്ളപ്പോഴാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. പലതും തട്ടിക്കൂട്ട് കമ്പനികളാണ്.  തൃശൂരിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻറെ അച്ഛൻറ പേരിലെ കമ്പനിക്കും കോടികളുടെ ഓർഡർ കിട്ടി. പഴവും പച്ചക്കറിയും നൽകുന്ന കമ്പനികൾക്കാണ് കരാർ നൽകിയത്. ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്ന തീരുമാനങ്ങളല്ല ഇതൊന്നും എന്നും വിഷ്ണുനാഥ് ആരോപിച്ചു.

Related News