കാമുകനെ കാണാനായി കാമുകന്‍റെ ആറു വയസ്സുള്ള സഹോദരനെ തട്ടിക്കൊണ്ടുപോയി യുവതി

  • 22/02/2022

ലഖ്‌നൗ: ജോലിക്കായി  പോയ കാമുകനെ തന്‍റെ അരികിലെത്തിക്കുന്നതിനായി കാമുകന്റെ സഹോദരനെ യുവതി തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ചാത്താരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. 

സമീപഗ്രാമവാസിയായ 32 വയസ്സുള്ള പിങ്കി, ഇവരുടെ അനന്തരവന്‍ ലവ്‌കേഷ്, പിങ്കിയുടെ ആണ്‍സുഹൃത്ത് 20 കാരന്‍ ഹീരാലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഹീരാലാലിന്റെ ഇളയ സഹോദരനാണ് കാണാതായ കുട്ടി. ഈ മാസം 15 നാണ് ഹിമ്മത് ഗാരി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദോരിലാല്‍ എന്ന ആറുവയസ്സുകാരനെ കാണാതാകുന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിക്കായി തിരച്ചില്‍ തുടരുന്നതിനിടെ, കുട്ടിയെ ആറു ദിവസം പിങ്കി ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

ജോലി സംബന്ധമായാണ് ഹീരാലാല്‍ ഗുരുഗ്രാമിലേക്ക് പോയത്. തുടര്‍ന്ന്  മാസങ്ങളായി പിങ്കി കാമുകനെ കാണാറില്ലായിരുന്നു.  കാമുകനെ കാണുന്നതിനായി യുവതി അനന്തരവന്‍ ലവ്‌കേഷുമായി ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതനുസരിച്ച് ലവ്‌കേഷ് വീട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്ന് പിങ്കിക്ക് കൈമാറി. പിങ്കി സഹോദരനെ തട്ടിക്കൊണ്ടു വന്ന കാര്യം ഹീരാലാലിനെ അറിയിച്ചു. 

കുട്ടി യുവതിയുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന മനസ്സിലാക്കിയെങ്കിലും, ഹീരാലാല്‍ ഇക്കാര്യം പൊലീസിനോടും വീട്ടുകാരോടും മറച്ചു വെച്ചു. ഇതിനിടെ ഹാരാലാലും പിങ്കിയും തമ്മില്‍ ബന്ധമുള്ളതായി പൊലീസ് മനസ്സിലാക്കി. ഇരുവരുടേയും ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ്, കുട്ടി യുവതിയുടെ കസ്റ്റഡിയിലുണ്ടെന്ന് മനസ്സിലാക്കുകയും കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു. പിന്നാലെ പിങ്കി, ലവ്‌കേഷ്, കാമുകന്‍ ഹീരാലാല്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related News