കുഞ്ഞിന്‍റെ ദേഹത്ത് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്, കുട്ടിക്ക് അമാനുഷിക ശക്തി; അമ്മയുടെയും മുത്തശ്ശിയുടെയും പരസ്പരവിരുദ്ധമായ മൊഴികള്‍, ദുരൂഹത

  • 22/02/2022

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ രണ്ടരവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അമ്മയും മുത്തശ്ശിയും നല്‍കുന്നത് പരസ്പരവിരുദ്ധമായ മൊഴികള്‍. ഇവ വിശ്വസനീയമല്ലെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഇരുവരും മാനസികവിഭ്രാന്തിയുള്ളത് പോലെയാണ് പെരുമാറുന്നതെന്നും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി. 

കുട്ടി ഹൈപ്പർ ആക്ടീവ് ആണെന്നും ദേഹത്ത് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും, കുട്ടിയുടെ വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ടെന്നും മുറിവുകൾ കുട്ടി സ്വയമുണ്ടാക്കിയതാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാല്‍ ഈ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാനസികവിഭ്രാന്തിയുള്ളവരെ പോലെയാണ് അമ്മയും മുത്തശ്ശിയും പെരുമാറുന്നത്. 

അതേസമയം കുട്ടിയുടെ സംരക്ഷണം തനിക്ക് നല്‍കണമെന്ന് കുട്ടിയുടെ അച്ഛന്റെ ആവശ്യം. കുട്ടിയുടെ മാതൃസഹോദരിയുടെ പങ്കാളിയാണെന്ന് പറയുന്ന ആന്റണി കുട്ടിയെ മര്‍ദിച്ചിട്ടുണ്ടാകുമെന്നും ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏഴുമാസം മുമ്പ് വരെ കുടുംബത്തില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കുട്ടിയുമായി അമ്മ കൊച്ചിയിലേക്ക് വന്ന ശേഷമാണ് പ്രശ്‌നങ്ങളുണ്ടായത്. കുട്ടി ഹൈപ്പര്‍ ആക്ടീവ് അല്ലെന്നും അച്ഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇദ്ദേഹം ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു. അന്വേഷണം നടത്തുന്ന തൃക്കാക്കര പോലീസും അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

 ഞായറാഴ്ച രാത്രിയാണ് കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ അമ്മയും മുത്തശ്ശിയും ആശുപത്രിയില്‍ എത്തിക്കുന്നത്. അപസ്മാരത്തെ തുടര്‍ന്ന് വീണ് പരിക്കേറ്റെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. പിന്നീട് ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം പരിക്കേല്‍പ്പിച്ചെന്നും മൊഴി നല്‍കി. സംഭവത്തില്‍ സംശയം തോന്നിയതോടെ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും അടിമുടി ദുരൂഹതയുണ്ടെന്നുമാണ് പോലീസും പറയുന്നത്.

 കുഞ്ഞിന് തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേറ്റ പാടുകളും വലതു കൈയ്ക്ക് ഒടിവുമുണ്ട്. കുട്ടിയുടെ തല മുതല്‍ കാല്‍ വരെ ഒട്ടേറെ മുറിവുകളുണ്ട്. തലയ്ക്കകത്തും പരിക്കേറ്റിട്ടുണ്ട്. പല മുറിവുകള്‍ക്കും പഴക്കവും ഉണ്ട്. അതിനാല്‍ തന്നെ കുട്ടിയ്ക്ക് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടുമില്ല. ഇതിനിടെയാണ് കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ എന്നയാള്‍ ഇവരുടെ ഫ്‌ളാറ്റില്‍നിന്ന് മുങ്ങിയതായി വിവരം ലഭിച്ചത്. 

 ആന്റണി ടിജിന്‍ പരിക്കേറ്റ കുട്ടിയുടെ മാതൃസഹോദരിയുടെ പങ്കാളിയാണെന്നാണ് അമ്മയും മുത്തശ്ശിയും പറയുന്നത്. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് ഇയാള്‍ ഒരുമാസം മുമ്പ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. വീട്ടിലുള്ളത് ഭാര്യയും അവരുടെ സഹോദരിയും അമ്മയുമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. സൈബര്‍ സെല്ലിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോകാനിരിക്കുകയാണെന്നും ഇയാള്‍ ഫ്‌ളാറ്റുടമയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ടിജിന്‍ ഫ്‌ളാറ്റില്‍നിന്ന് സാധനങ്ങളും എടുത്ത് ഫ്‌ളാറ്റ് പൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

Related News