ദേവികുളത്തെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കൽ നടപടികൾ തുടങ്ങി; ഇന്ന് മുതൽ നോട്ടീസ് നൽകും; ആദ്യ ഹിയറിങ് മാർച്ച് 5ന്

  • 22/02/2022

ഇടുക്കി: ദേവികുളത്തെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കൽ നടപടികൾ തുടങ്ങി. പട്ടയം കിട്ടിയവർക്ക് ഇന്നു മുതൽ നോട്ടീസ് നൽകും.മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ വില്ലേജുകാർക്കാണ് ആദ്യം നോട്ടീസ്.ആദ്യഘട്ടമായി മൂന്നു വില്ലേജുകളിൽ പട്ടയം ലഭിച്ചവർക്ക് ഇന്നു മുതൽ നോട്ടീസ് നൽകും. അഞ്ചാം തീയതി ആദ്യ ഹിയറിംഗ് നടത്തും. അഞ്ചാം തീയതിയിലെ ദേവികുളത്തെ ആദ്യ ഹിയറിംഗ് ജില്ല കളക്ടർ നേരിട്ടെത്തി നടത്തും. ഇതിനു ശേഷം ബാക്കി വില്ലേജുകളിലുള്ളവർക്കും നോട്ടീസ് നൽകും. 530 പട്ടയങ്ങളാണ് റദ്ദാക്കേണ്ടത്.

ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജികളിലായി ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കാൻ ജനുവരി 18-നാണ് സർക്കാർ ഉത്തരവിട്ടത്. റദ്ദാക്കൽ നടപടികൾക്കും പുതിയ പട്ടയങ്ങൾ നൽകുന്നതിനും നാൽപ്പതിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇവരുടെ കൂടി സഹായത്തോടെ പട്ടയം കിട്ടിയവർക്കും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും നോട്ടീസ് നൽകും. മറയൂർ, കാന്തല്ലൂർ,കീഴാന്തൂർ എന്നീ മൂന്നു വില്ലേജുകളിലുള്ളവർക്കാണ് ആദ്യം നോട്ടീസ് നൽകുക. ഇവിടെ 37 പേർക്ക് പട്ടയം നൽകിയിട്ടുണ്ട്. ഈ ഭൂമി 54 പേർക്ക് മറിച്ചു വിറ്റിട്ടുമുണ്ട്. ഈ തൊണ്ണൂറ്റിയൊന്നു പേർക്കും നോട്ടീസ് നൽകും. ഭൂമി സംബന്ധിച്ച് രേഖകളുമായി ദേവികുളം ആർഡിഒ ഓഫീസിലാണ് ഹാജരാകേണ്ടത്. ഇതിനു ശേഷം മറ്റു വില്ലേജുകളിലുള്ളവർക്കും നോട്ടീസ് നൽകും.

ഒൻപതു വില്ലേജുകളിലും ഇപ്പോൾ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരം റവന്യൂ വകുപ്പ് ശേഖരിച്ചു. ഇതിലൊരാൾ കോടതിയെ സമീപിച്ച് മാർച്ച് എട്ടു വരെ സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ചു ദിവസത്തിനകം പുതിയ പട്ടയം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും നോട്ടീസ് നൽകാൽ മാത്രമാണ് തുടങ്ങിയത്. റദ്ദാക്കൽ പൂർത്തിയായ ശേഷമായിരിക്കും പുതിയ പട്ടയങ്ങൾക്ക് അപേക്ഷ സ്വീകരിക്കുക. ഇതിൽ സ്ഥലവും രേഖകളുമൊക്കെ പരിശോധിച്ച് പട്ടയം ലഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും

Related News