തെരുവു കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടി ജനം; യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപം കന്നുകാലികളെ എത്തിച്ച് കർഷകർ

  • 22/02/2022

ലക്നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപം കന്നുകാലികളെ എത്തിച്ച് കർഷകരുടെ പ്രതിഷേധം. തെരുവു കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടിയ ജനം യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിക്കു സമീപമുള്ള തുറന്ന പ്രദേശത്തേക്ക് നൂറുകണത്തിനു തെരുവു കന്നുകാലികളെ എത്തിക്കുക ആയിരുന്നു.

കർഷക നേതാവു രമൺദീപ് സിങ് മാൻ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ, തുറന്ന പ്രദേശത്ത് നൂറുകണക്കിനു കന്നുകാലികൾ അലഞ്ഞുനടക്കുന്നതു കാണാം. 'ബാരാബാങ്കിലെ യോഗി ആദിത്യനാഥിന്റെ പരിപാടി നടക്കുന്നതിനു മുൻപ്, കൃഷിനിലങ്ങളിൽനിന്നു കർഷകർ നൂറുകണക്കിനു കന്നുകാലികളെ പ്രചാരണ വേദിക്കു സമീപം എത്തിച്ചു. തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെക്കൊണ്ടു പൊറുതി മുട്ടയിരിക്കുകയാണ് ജനം ഇവിടെ. 5 വർഷത്തെ ഭരണത്തിനിടെ ഈ പ്രശ്നത്തിനു പരിഹാരം കണാൻ ബിജെപി സർക്കാരിനു കഴിഞ്ഞില്ല. അതുകൊണ്ടാണ് കർഷകർ ഇത്തരത്തിലൊരു പ്രതിഷേധത്തിനു മുതിർന്നത്' അദ്ദേഹം ട്വീറ്റ് ചെയ്തു.

തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ പ്രദേശത്തു സൃഷ്ടിക്കുന്ന അനിഷ്ട സംഭവങ്ങൾ തുറന്നുകാട്ടാനായിരുന്നു ഇതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ഉടൻ പ്രതികരണത്തിനു മുതിർന്നില്ലെങ്കിലും യുപിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ തെരുവു കന്നുകാലികളുടെ പ്രശ്നത്തിനു പരിഹാരം കാണുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകുന്നതിന്റെ വിഡിയോ ക്ലിപ് യോഗി ആദിത്യനാഥ് പിന്നീടു ട്വീറ്റ് ചെയ്തു.

Related News