യുക്രൈനിലെ വിദ്യാർത്ഥികൾ ഇന്ത്യയിൽ തിരിച്ചെത്തി; ആശങ്കയൊഴിഞ്ഞെന്ന് കുടുംബാംഗങ്ങൾ

  • 23/02/2022

ദില്ലി: ഇന്ത്യയിലേക്ക് തിരികെയെത്തിയതിലൂടെ ആശങ്കയൊഴിഞ്ഞുവെന്ന് യുക്രൈനിൽ നിന്ന് മടങ്ങിയ എത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അർദ്ധരാത്രിയോടെയാണ് ദില്ലിയിൽ എത്തിയത്. വരും ദിവസങ്ങളിലും കൂടുതൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം.

യുക്രൈനിലുള്ള ഇന്ത്യക്കാരെയും ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളുമായി ആദ്യ എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി. 256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിംഗ് 787 വിമാനമാണ് ദില്ലിയിലെത്തിയത്. ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് ഉള്ളത്. വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് വിമാനങ്ങൾ കൂടി യുക്രൈനിലേക്ക് പോകും. കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ നിന്നാണ് ആദ്യം വിമാനം പുറപ്പെട്ടത്. എയർ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകൾ, ഔദ്യോഗിക വെബ്സൈറ്റ്, കോൾ സെന്ററുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി മറ്റു വിമാനങ്ങൾക്കുള്ള ബുക്കിങ് പുരോഗമിക്കുകയാണ്.

അതേസമയം, യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന രണ്ട് പ്രവിശ്യകളിലേക്ക് റഷ്യ സൈനിക നീക്കം തുടങ്ങി. ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം അതിർത്തി കടന്നതോടെ ലോകം യുദ്ധ ഭീതിയിലായി. 2014 മുതൽ യുക്രൈനുമായി വിഘടിച്ച് നിൽക്കുന്ന വിമത മേഖലയായ ഡൊണസ്‌കിലേക്ക് ടാങ്കുകൾ അടക്കം വൻ സന്നാഹങ്ങളുമായി റഷ്യൻ സൈന്യം പ്രവേശിച്ചു. രാജ്യത്തോടായി ഇന്നലെ നടത്തിയ ഒരു മണിക്കൂർ നീണ്ട ടെലിവിഷൻ അഭിസംബോധനയിൽ റഷ്യൻ പ്രസിഡൻറ് വ്‌ലാദിമിർ പുടിൻ ഈ സൈനിക നീക്കം പ്രഖ്യാപിച്ചിരുന്നു. യുക്രൈന് ഒരിക്കലും ഒരു സ്വതന്ത്ര രാജ്യത്തിൻറെ സ്വഭാവം ഉണ്ടായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു.

Related News