തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ 308 വാർഡുകൾ നേടി ബിജെപി

  • 23/02/2022

ചെന്നൈ: തമിഴ്‌നാട് നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം ലഭിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പ്രസ്താവിച്ചു. ബിജെപിയുടെ നേട്ടം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാക്കളിലൊരാളായ ആർ ശ്രീനിവാസൻ പറഞ്ഞു.

ഇതുവരെ ബിജെപി വിജയിക്കാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പാർട്ടിക്ക് പ്രതിനിത്യം ലഭിച്ചുകഴിഞ്ഞുവെന്ന് ബിജെപി അവകാശപ്പെട്ടു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതായും അണ്ണാമലൈ ചെന്നൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോയമ്പത്തൂരിൽ ബിജെപി 15 ശതമാനം വോട്ട് നേടിയെന്നും അണ്ണാമലെ അവകാശപ്പെട്ടു.

ചെന്നൈയിൽ മുപ്പതോളം വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തിയതായും അണ്ണാമലെ അവകാശപ്പെട്ടു. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഡിഎംകെ കൊങ്ങു മേഖലയിൽ വിജയിച്ചതുകൊണ്ടുമാത്രം അത് അവരുടെ ആധിപത്യമായി കാണേണ്ടതില്ലെന്നാണ് അണ്ണാമലെ പറയുന്നത്.

Related News