പാത്രങ്ങള്‍ കഴുകാത്തതിന് വഴക്കു പറഞ്ഞു; ഫ്രൈയിങ് പാന്‍ കൊണ്ട് അമ്മയെ തലക്കടിച്ച് കൊന്ന് 14കാരി

  • 23/02/2022

ന്യൂഡല്‍ഹി: പാത്രങ്ങള്‍ കഴുകാത്തതിന് വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പതിനാലുകാരി അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി നോയിഡയിലെ സെക്ടര്‍ 77-ലാണ് സംഭവം ഉണ്ടായത്. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 14 വയസ്സുകാരിയായ മകളെ പോലീസ് അറസ്റ്റ് ചെയ്തു. 

 നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു കൊല്ലപ്പെട്ട യുവതിയും 14-കാരിയായ മകളും താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി അമ്മയ്ക്ക് പരിക്കേറ്റെന്നും നിലത്തുവീണ് കിടക്കുകയാണെന്നും മകള്‍ അയല്‍ക്കാരോട് പറഞ്ഞു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ മറ്റു താമസക്കാര്‍ 14-ാം നിലയിലെ ഫ്‌ളാറ്റില്‍ എത്തി. തലയില്‍ പരിക്കേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

താന്‍  പുറത്ത് നടക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ അമ്മ തലയ്ക്ക് പരിക്കേറ്റ് കിടക്കുന്നത് കണ്ടെന്നായിരുന്നു സംഭവത്തെക്കുറിച്ച് മകള്‍ ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് പോലീസ് അയല്‍ക്കാരെയും ചോദ്യംചെയ്തു. അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവസമയം മറ്റാരും യുവതിയുടെ ഫ്‌ളാറ്റില്‍ എത്തിയിട്ടില്ലെന്ന് സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് 14-കാരിയെ പോലീസ് വീണ്ടും ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

പാത്രം കഴുകിവെക്കാത്തതിന് അമ്മ വഴക്കുപറഞ്ഞെന്നും ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മകള്‍ പോലീസിനോട് സമ്മതിച്ചു. പാത്രങ്ങള്‍ കഴുകിവെക്കാന്‍ പറഞ്ഞത് അനുസരിക്കാതിരുന്നതോടെ മകളെ അമ്മ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കിടുകയും മകള്‍ അടുക്കളയിലുണ്ടായിരുന്ന ഫ്രൈയിങ് പാന്‍ കൊണ്ട് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഫ്രൈയിങ് പാന്‍ കൊണ്ട് തുടര്‍ച്ചയായി തലയ്ക്കടിച്ചാണ് അമ്മയുടെ മരണം ഉറപ്പുവരുത്തിയത്. തുടര്‍ന്നാണ് മകള്‍ അയല്‍ക്കാരോട് വിവരം പറഞ്ഞതെന്നും പോലീസ് പറഞ്ഞു. 

 കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയായ 14 വയസ്സുകാരിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. കൊല്ലപ്പെട്ട യുവതി വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് നോയിഡയിലെ ഫ്‌ളാറ്റില്‍ മകള്‍ക്കൊപ്പം താമസം തുടങ്ങിയത്.

Related News