സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്ലൈൻ തന്നെ; ഹർജി സുപ്രീംകോടതി തള്ളി

  • 23/02/2022

ന്യൂഡൽഹി: സിബിഎസ്ഇ ഉൾപ്പെടെ വിവിധ ബോർഡുകൾ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്ലൈൻ ആയി നടത്തുന്നതിന് എതിരായി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെറ്റായ സന്ദേശം നൽകുന്നതാണ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നൽകിയത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ഓർമ്മിപ്പിച്ചു.

കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകൾ എടുത്തുതീർത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ജസ്റ്റിസ് എഎം ഖാൻവിൽക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.ക്ലാസുകൾ എടുത്തുതീർക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് കോടതി കഴിഞ്ഞദിവസം വാക്കാൽ പരാമർശിച്ചിരുന്നു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷവും സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വർഷവും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്ന് അവർ പറഞ്ഞു. കോടതി ഇടപെടലിനെത്തുടർന്നാണ് കഴിഞ്ഞ വർഷം പരീക്ഷാ നടത്തിപ്പിനായി പ്രത്യേക സ്‌കീം ഉണ്ടാക്കിയത്. ഈ വർഷവും സമാനമായ ഒന്നു വേണ്ടതുണ്ടെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം ടു ബോർഡ് പരീക്ഷ ഏപ്രിൽ 26ന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിട്ടുള്ളത്.

Related News