ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ

  • 23/02/2022

മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായും ദാവൂദിന്റെ സഹായികളുടെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവാബ് മാലിക്കിനെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

ദാവൂദിന്റെ കൂട്ടാളികളുമായുള്ള സാമ്പത്തിക, ഭൂമി ഇടപാടുകൾ ആരോപിച്ചാണ് മാലിക്കിനെ ചോദ്യം ചെയ്തതെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോട്ട് ചെയ്തു. എന്നാൽ, ചോദ്യങ്ങളിൽ നിന്ന് നവാബ് മാലിക്ക് ഒഴിഞ്ഞുമാറിയെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്ലിനൊടുവിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അടുത്തിടെ, കേസുമായി ബന്ധപ്പെട്ട് ഇഡി ഒന്നിലധികം റെയ്ഡുകൾ നടത്തുകയും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നവാബ് മാലിക് വാങ്ങിയ സ്വത്തുമായി ബന്ധപ്പെട്ട ചില തെളിവുകൾ അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.

Related News