നവാബ് മാലിക്കിന്റെ അറസ്റ്റ്; ഗാന്ധി സ്മാരകത്തിൽ പ്രതിഷേധയോഗം സംഘടിപ്പിക്കാൻ മഹാരാഷ്ട്ര മന്ത്രിമാർ

  • 23/02/2022

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായികളുമായി ബന്ധപ്പെട്ട ഭൂമിയിടപാട് കേസിൽ മഹാരാഷ്ട്ര സർക്കാരിലെ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തതിൽ മഹാരാഷ്ട്രയിലെ മന്ത്രിമാർ ഒന്നടങ്കം ഇന്ന് പ്രതിഷേധിക്കും. ഗാന്ധി സ്മാരകത്തിൽ പ്രതിഷേധയോഗം സംഘടിപ്പിക്കാനാണ് തീരുമാനം.സഖ്യ സർക്കാറിലെ, കോൺഗ്രസ് എൻസിപി ശിവസേന പാർട്ടികൾ ഒരുമിച്ച് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും.

മന്ത്രി രാജി വെക്കേണ്ട എന്നാണ് സഖ്യത്തിലെ ധാരണ.ബിജെപി കേന്ദ്ര ഏജൻസികളെ മന്ത്രിമാർക്കെതിരെ ഉപയോഗിക്കുകയാണെന്ന പ്രചാരണം ശക്തമാക്കും.അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. മാർച്ച് മൂന്നു വരെയാണ് കോടതി നവാബ് മാലിക്കിനെ ഇഡി കസ്റ്റഡിയിൽ വിട്ടത്. കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ആണ് മഹാരാഷ്ട്ര സർക്കാരിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത് . മന്ത്രിയെ മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.

ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വരുത്തിയാണ് നവാബ് മാലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്രമന്ത്രിയാണ് നവാബ് മാലിക്ക്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോർട്ട്. വീട്ടിൽ നിന്ന് രാവിലെ ഏഴ് മണിക്കാണ് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് കൊണ്ടുപോയത്.

Related News