ഇന്ധനവില കുതിക്കും, ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുമായി റഷ്യ-യുക്രൈൻ സംഘർഷം; പെട്രോൾ, ഡീസൽ പത്തുരൂപയിലേറെ കൂടാൻ സാധ്യത

  • 24/02/2022

മുംബൈ: ഇന്ധനവിലയുടെ കാര്യത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുമായി റഷ്യ-യുക്രൈൻ സംഘർഷം. ആഗോള എണ്ണവിപണിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സംഘർഷം തുടർന്നാൽ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. 

2021 നവംബർ നാലുമുതൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലവർധനയുണ്ടായിട്ടില്ല. അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് വർധന അനൗദ്യോഗികമായി നിർത്തിവെച്ചത്. അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 82-85 ഡോളർവരെ ഉണ്ടായിരുന്ന സമയത്തുള്ള വിലയാണ് ഇപ്പോഴുള്ളത്. ഇന്ത്യൻ ബാസ്‌കറ്റിൽ വീപ്പയ്ക്ക് 93.6 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്. ഇതനുസരിച്ച് അന്നത്തേതിലും പത്തുഡോളർവരെ വില ഉയർന്നിട്ടുണ്ട്.

അസംസ്‌കൃത എണ്ണവില ഒരുഡോളർ കൂടുമ്പോൾ പെട്രോൾ-ഡീസൽ വില ലിറ്ററിന് 70 മുതൽ 80 പൈസവരെ വർധനയുണ്ടാകാറുണ്ട്. ഇതനുസരിച്ച് ഏഴുമുതൽ എട്ടുരൂപവരെയാണ് വർധിപ്പിക്കേണ്ടത്. അസംസ്‌കൃത എണ്ണവില 100 ഡോളറിലേക്കെത്തിയാൽ പെട്രോൾ-ഡീസൽ വിലയിൽ 12 മുതൽ 14 രൂപവരെ വർധന വേണ്ടിവരും. ബ്രെന്റ് ക്രൂഡ് ബാരലിന് ബുധനാഴ്ച 96.6 ഡോളർ നിലവാരത്തിലാണുള്ളത്. മാർച്ച് ഏഴിന് തിരഞ്ഞെടുപ്പ് പൂർത്തിയാകും. ഇതിനുശേഷം എണ്ണക്കമ്പനികൾ തുടർച്ചയായി വിലവർധിപ്പിക്കുമെന്നത് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.

Related News