സേന ആവശ്യപ്പെട്ട മാറ്റങ്ങളുമായി മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി എത്തി

  • 24/02/2022

ഇന്ത്യൻ വ്യോമസേനക്ക് കരുത്തായി മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി എത്തി. ഇതോടെ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയ വിമാനങ്ങളുടെ എണ്ണം 35 ആയി. ആകെ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയത്. അവസാനവിമാനം അടുത്ത ആഴ്ചയോടെ എത്തുമെന്നാണ് വിവരം. ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് പുതിയ റഫാൽ വിമാനങ്ങളെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്.

2016 സെപതംബറിൽ ഫ്രാൻസുമായി ഏർപ്പെട്ട 59000 കോടി രൂപയുടെ കരാർ അനുസരിച്ചാണ് റഫാൽ വിമാനമെത്തുന്നത്. അന്തരീക്ഷത്തിൽ നിന്ന് ഉതിർക്കാവുന്ന മിസൈലുകളെ അടക്കം വഹിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളായിരുന്നു ഇന്ത്യ റഫാൽ വിമാനങ്ങളിൽ ആവശ്യപ്പെട്ടത്. ഇന്ത്യൻ സേനയ്ക്ക് വൻകരുത്ത് നൽകുന്നതാവും മാറ്റങ്ങളോട് കൂടിയ പുത്തൻ റഫാൽ വിമാനങ്ങൾ. വിമാനങ്ങളിലെ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ഇന്ത്യിലെത്തിച്ച ശേഷമാകും ചെയ്യുക. ഫ്രഞ്ച് വിമാന നിർമ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷനാണ് റഫാലിൻറെ നിർമാതാക്കൾ. 100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്‌കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള റഫാൽ.

ജൂലൈ 29നാണ് അഞ്ച് വിമാനങ്ങൾ അടങ്ങിയ റഫാൽ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്. മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ വിവേക് വിക്രം ഉൾപ്പടെ ഏഴംഗ വ്യോമസേന സംഘമാണ് ഫ്രാൻസിൽ നിന്ന് റഫാലുകൾ ഇന്ത്യയിൽ എത്തിച്ചത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയും. പറക്കലിൽ 25 ടൺ വരെ ഭാരം വഹിക്കാനാകും. ''സ്വർണ്ണക്കൂരമ്പുകൾ'' എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്‌ക്വാഡ്രണിൻറെ ഭാഗമാണ് റഫാൽ യുദ്ധവിമാനങ്ങൾ.

Related News