കൊവിഡ് പർച്ചേസ്: അസാധാരണ സാഹചര്യത്തെ നേരിടാൻ അസാധാരണ നടപടി വേണ്ടി വന്നു, അഴിമതി ഇല്ലെന്ന് മുഖ്യമന്ത്രി

  • 24/02/2022

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ്, ഗ്‌ളൗസ്, ഇൻഫ്രാറെഡ് തെർമോമീറ്റർ അടക്കമുള്ള സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണ സാഹചര്യത്തെ നേരിടാൻ അസാധാരണ നടപടി വേണ്ടി വന്നു. അതിനെ അഴിമതിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. 

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ ഉന്നയിക്കാൻ അനുവദിക്കാത്തതിൻറെ പേരിൽ പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്‌കരിക്കരിച്ചിരുന്നു. പ്രതിപക്ഷത്തിൻറെ അസാന്നിദ്ധ്യത്തിൽ നന്ദി പ്രമേയ ചർച്ചക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി കൊവിഡ് കാലത്തെ അമിത ചിലവിനെ ന്യായീകരിച്ചത്. അസാധാരണ സാഹചര്യത്തിൽ ആവശ്യകതയും, ഗുണനിലവാരവും കണക്കിലെടുത്ത് ഉയർന്ന വിലക്ക് പർച്ചേസ് നടത്തിയിട്ടുണ്ട്. സാഹചര്യം മാറി, കുറഞ്ഞ വിലക്ക് ഉപകരണങ്ങൾ ലഭ്യമായപ്പോൾ, പഴയ കരാറുകൾ റദ്ദാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. 

പിപിഇ കിറ്റും, ഗ്‌ളൗസും, ഇൻഫ്രാറെഡ് തെർമോമീറ്ററുമടക്കമുള്ള ഉപകരണങ്ങൾ വാങ്ങിയതിലെ കോടിക്കണക്കിന് രൂപയുടെ അഴമിതി വിവരങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് തന്നെ ഈ ആരോപണം ഉന്നയിച്ചതാണെന്നും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ വിശദീകരണം നൽകിയതാണെന്നുമാണ് വിഷയത്തിൽ മന്ത്രി വീണ ജോർജിന്റെ വിശദീകരണം. എന്നാൽ  ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 

Related News