ബദൽ രക്ഷാമാർഗ്ഗം തേടി വിദേശകാര്യമന്ത്രാലയം; അടുത്തുള്ള രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയച്ചേക്കും

  • 24/02/2022

ദില്ലി: യുക്രൈയിനിൽ വ്യോമഗതാഗതം നിലച്ചതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗ്ഗം തേടി ഇന്ത്യ. അടുത്തുള്ള രാജ്യങ്ങളിലേക്ക് വ്യോമസേന വിമാനങ്ങൾ അയച്ച് ഒഴിപ്പിക്കലിനാണ് ആലോചന. ഇന്ത്യക്കാർ പടിഞ്ഞാറൻ അതിർത്തിയിൽ എത്തേണ്ടി വരും എന്ന സൂചനയാണ് വിദേശകാര്യമന്ത്രാലയം നല്കുന്നത്. യുക്രൈനിലെ കാഴ്ചകൾ ഇന്ത്യയേയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും പെട്ടെന്ന് ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഇന്ത്യയും കരുതിയില്ല. ഈ മാസം പതിനഞ്ചിനാണ്, താമസം അനിവാര്യമല്ലെങ്കിൽ ഇന്ത്യക്കാർ മടങ്ങണം എന്ന നിർദ്ദേശം ആദ്യമായി കീവിലെ എംബസി നല്കിയത്. എന്നാൽ പലർക്കും ഇതുവരെ മടങ്ങാനായിട്ടില്ല. 

ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഉള്ളതിൽ എത്ര പേർ മടങ്ങിയെത്തി എന്ന് കണക്കില്ല. ബാക്കിയുള്ളവരെ ഇനി യുക്രൈനിൽ വിമാനം എത്തിച്ച് മടക്കിക്കൊണ്ടുവരാനാകില്ല. ഇന്ത്യക്കാർ താമസസ്ഥലങ്ങളിൽ തുടരണം എന്ന നിർദ്ദേശമാണ് ഇന്ന് ആദ്യം എംബസി നല്കിയത്. കീവിലേക്ക് യാത്ര ചെയ്യുന്നവർ ഹോസ്റ്റലുകളിലേക്ക് മടങ്ങണം. കീവിൽ വഴിയിൽ കുടുങ്ങിയവർ ഉണ്ടെങ്കിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ബോംബ് ഷെൽട്ടറുകളിലേക്ക് പോകണം എന്നും എംബസി ഉപദേശിക്കുന്നു. സ്ഥിതി ആശങ്കാജനകമെന്ന് കീവിലെ ഇന്ത്യൻ അംബാസഡർ പാർത്ഥ സത്പതി സന്ദേശത്തിൽ പറഞ്ഞു. സ്ഥിതി മറികടക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയാണെന്നും എംബസിയുടെ പ്രവർത്തനം തുടരുമെന്നും അംബാസഡർ അറിയിച്ചു. 

വ്യോമ അതിർത്തി അടച്ചതിനാൽ ബദൽമാർഗ്ഗമാണ് ഇന്ത്യ ആലോചിക്കുന്നത്. ഇന്ത്യക്കാരെ കരമാർഗ്ഗം പടിഞ്ഞാറൻ അതിർത്തിയിലെ പോളണ്ട്, ഹംഗറി, സ്ലോവേകിയ തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ച് ഒഴിപ്പിക്കുക എന്നതാണ് ഒരു മാർഗ്ഗം. റഷ്യയുമായും ഇക്കാര്യത്തിൽ ഇന്ത്യ സമ്പർക്കത്തിലാണ്. വ്യോമസേനയ്ക്കും ജാഗ്രത നിർദ്ദേശം സർക്കാർ നല്കിയിട്ടുണ്ട്. 

Related News