ശബരി എക്സ്പ്രസ്സിൽ നിന്ന് ഇരുതലമൂരിയെ പിടികൂടി; വില കോടികൾ

  • 24/02/2022

പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഇരുതലമൂരിയെ കണ്ടെത്തി. ശബരി എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇരുതലമൂരിയെ ലഭിച്ചത്. സംഭവത്തില്‍ മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി ഹബീബിനെ അറസ്റ്റ് ചെയ്തു.


ഇരുതലമൂരി പാമ്ബിന് 4.250 കിലോ ഗ്രാം തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുണ്ട്. ആര്‍.പി.എഫ്. സംഘത്തെ വെട്ടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച ഹബീബിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ആന്ധ്രയില്‍ നിന്നും മലപ്പുറത്തെത്തിച്ച്‌ ഇരുതലമൂരിയെ വിദേശത്തേക്ക് കടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഈ പാമ്ബ് ഇന്ത്യയില്‍ ഇതുവരെ പിടിച്ചിട്ടുള്ളവയില്‍ ഏറ്റവും വലുതാണെന്ന് പറയപ്പെടുന്നു. ട്രെയ്ന്‍ മാര്‍ഗ്ഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച്‌ ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചിന് മൂന്നു മാസങ്ങള്‍ മുന്‍പേ വിവരം ലഭിച്ചിരുന്നു.

ആഭിചാര ക്രിയകള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമെന്ന പേരിലാണ് ഇരുതല മൂരിയെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത്. RPF ഐ.ജി. ബീരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ആര്‍.പി.എഫ്. കമാന്‍ഡന്റ് ജെതിന്‍ ബി. രാജിന്റെ നേതൃത്വത്തില്‍ ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, SI. ദീപക്. എ.പി., ASI. സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, കോണ്‍സ്റ്റബിള്‍ വി. സവിന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Related News