ക്ലാസ് മുറിയിൽ സിഖ് തലപ്പാവ് അനുവദിച്ചു, പിന്നാലെ ഹിജാബും

  • 24/02/2022

ബെംഗളൂരു: സിഖ് മതാചാര പ്രകാരമുള്ള തലപ്പാവ് ധരിച്ചെത്തിയ വിദ്യാർഥിനിയെ ക്ലാസിൽ കയറാൻ അനുവദിച്ചതിന് പിന്നാലെ ഹിജാബ് ധരിച്ചവരെയും ക്ലാസിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ കോളേജാണ് ആചാരപ്രകാരം വേഷം ധരിച്ചെത്തിയ സിഖ്, മുസ്ലിം വിദ്യാർഥികളെ ക്ലാസിൽ കയറാൻ അനുവദിച്ചത്. ബെംഗളൂരുവിലെ മൗണ് കാർമൽ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ സിഖ് വിദ്യാർഥികൾ തലപ്പാവ് അണിഞ്ഞെത്തിയത്. 

തലപ്പാവ് അഴിക്കാൻ അധികൃതർ ആവശ്യപ്പെട്ടതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തി. ഹിജാബ് വിവാദത്തെ തുടർന്നുണ്ടായ കോടതി ഇടക്കാല വിധിയിൽ സിഖ് തലപ്പാവിനെക്കുറിച്ച് പരാമർശമില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് വിദ്യാർഥിയെ ക്ലാസിൽ പ്രവേശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത് ഹിജാബ് അണിഞ്ഞവർ രംഗത്തെത്തിയതോടെ അവരെയും ക്ലാസിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചു. ആരെയും തടയില്ലെന്നും കോളേജ് അധികൃതർ പിന്നീട് വ്യക്തമാക്കി. 

അമൃതധാരി സിഖ് വിഭാഗമാണ് പുരുഷന്മാർക്ക് പുറമെ സ്ത്രീകൾക്കും തലപ്പാവ് നിഷ്‌കർഷിക്കുന്നത്. അതേസമയം ഉഡുപ്പി എംജിഎം കോളേജിൽ ഹിജാബ് ധരിച്ചെത്തിയവരെ ക്യാമ്പസിൽ പോലും പ്രവേശിപ്പിച്ചില്ലെന്ന് ആരോപണമുയർന്നു. ക്യാമ്പസിൽ ഹിജാബ് ആകാമെന്നും ക്ലാസ് മുറിയിൽ പറ്റില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഹിജാബ് വിവാദം ആരംഭിച്ച ഉഡുപ്പി ഗവ. പി യു വനിതാ കോളേജിലെ അധ്യാപകരെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന പ്രവർത്തകർ കേസെടുത്തു.

Related News