നയതന്ത്ര പ്രതിനിധികൾ യുക്രൈൻ അതിർത്തിരാജ്യങ്ങളുമായി സംസാരിക്കും; യുക്രൈനിലെ ഇന്ത്യക്കാരെ അതിർത്തി രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ നീക്കം

  • 24/02/2022

യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഊർജിതമാക്കി ഇന്ത്യ. യുക്രൈന്റെ അതിർത്തി രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാ ദൗത്യമാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാർഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാർഗം ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്‌പോർട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പല വിദ്യാർഥികളും ബങ്കറുകളിലാണ് അഭയം തേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവരെ യുക്രൈൻ അതിർത്തിയിലെത്തിക്കുക എന്ന വലിയ വെല്ലുവിളി ഇന്ത്യ നേരിടുന്നുണ്ട്. യുക്രൈനെ റഷ്യ കീഴടക്കുകയാണെങ്കിൽ നയതന്ത്ര ചർച്ചകൾ നടത്തുന്നതാനായി റഷ്യൻ ഭാഷയിൽ പ്രാവിണ്യമുള്ള ഉദ്യോഗസ്ഥരേയും ഇന്ത്യ യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകൾ ഉക്രൈനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥർ സ്വീകരിക്കും. ഇതുവരേയും ഒരു രാജ്യത്തോടും പിന്തുണ പ്രഖ്യാപിക്കാത്ത ഇന്ത്യ, നയതന്ത്ര ചര്ച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്.

അതെ സമയം യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യർഥിച്ചു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ മോദി പുടിനോട് ആശങ്കയറിയിച്ചു. യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മോദി വ്യക്തമാക്കി. നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം പുടിനോട് പറഞ്ഞു.

Related News