യുക്രൈനിലെ 550 മലയാളികളുമായി സംസാരിച്ചു, ഒറ്റപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു: നോർക്ക

  • 25/02/2022

തിരുവനന്തപുരം: യുക്രൈനിൽ യുദ്ധ സ്ഥലത്ത് ഒറ്റപ്പെട്ട് പോയ മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് നോർക്ക വൈസ് ചെയർമാൻ. ഇന്നലെയും ഇന്നുമായി 550 പേർ യുക്രൈനിൽ നിന്ന് ബന്ധപ്പെട്ടു. എല്ലാവരുടേയും വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും നോർക്കയിൽ രജിസ്റ്റർ ചെയ്യാത്തവരുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നും നോർക്ക വൈസ് ചെയർമാൻ പറഞ്ഞു. അതേസമയം പലർക്കും എംബസിയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥിനികൾ പറഞ്ഞു. ബങ്കറുകളിൽ വെള്ളവും ഭക്ഷണവും തീരുമെന്ന ആശങ്കയിലാണ് തങ്ങളെന്നും കൊടുംതണുപ്പിലാണ് കഴിയുന്നതെന്നും വിദ്യാർത്ഥികൾ വിവരിച്ചു.

ആക്രമണങ്ങൾ വർധിച്ചതോടെ യുക്രൈനിൽ പഠിക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്. മകളും കൂട്ടുകാരും ആശങ്കയിൽ ആണെന്ന് യുക്രൈനിലെ കേവിൽ പഠിക്കുന്ന ഹെന സോണി കളത്തിലിന്റെ പിതാവ് സണ്ണി ജോസഫ് പറഞ്ഞു. കുട്ടികൾ ഭക്ഷണം പോലും കഴിക്കാതെയിരിക്കുക ആണെന്നും ഇദ്ദേഹം പറയുന്നു. സൈനിക ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിന്റെ മകൾ യുക്രൈനിലെത്തിയിട്ട് രണ്ട് വർഷമായി. ഇന്നലെ രാത്രി മുതൽ മകൾ  ബങ്കറിലാണ് കഴിയുന്നതെന്നും പ്രദീപ് കുമാർ പറഞ്ഞു. 

യുക്രൈനിലെ സുമി സ്റ്റേറ്റ് സർവകലാശാലക്ക് സമീപമുള്ള സൈനിക ആശുപത്രി റഷ്യൻ സേന തകർത്തെന്ന് അവിടെ പഠിക്കുന്ന വിദ്യാർത്ഥികളായ അബീസ് അഷ്‌റഫും അഹമ്മദ് സക്കീർ ഹുസൈനും പറഞ്ഞു. കോട്ടയം സ്വദേശികളാണ് ഇരുവരും. മക്കളുടെ കാര്യത്തിൽ വലിയ ആശങ്കയിലാണ് ഇരുവരുടേയും മാതാപിതാക്കൾ. യുക്രെയിനിലെ കാർക്കീവിൽ മെട്രോ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ച മലയാളികളുടെ മാതാപിതാക്കൾ ആശങ്കയോടെയാണ് നാട്ടിൽ കഴിയുന്നത്. ശേഖരിച്ച ഭക്ഷണവും വെള്ളവും തീർന്ന് കൊണ്ടിരിക്കുകയാണ്. ഇനിയും ഒരു ദിവസം കൂടി നിൽകേണ്ടി വന്നാൽ പ്രദേശവാസികളാൽ കൊള്ളയടിക്കപ്പെടും എന്നാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ ഭയം.

Related News