കൊല്ലത്ത് ബിവറേജസിൽ നിന്ന് മദ്യം വാങ്ങി കുടിച്ചു, വൈകുന്നേരമായപ്പോൾ കാഴ്ച പോയി; പരാതി പരിശോധന

  • 25/02/2022

കൊല്ലം; ബിവറേജസ് കോർപ്പറേഷൻ വിൽപനശാലയിൽ നിന്ന് വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതിയുമായി  കൊല്ലം സ്വദേശി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് കാഴ്ച നഷ്ടമായതായി പരാതി നൽകിയത്. തുടർന്ന് കൊല്ലം എഴുകോൺ ബിവറേജസ് വിൽപനശാലയിൽ എക്സൈസ് പരിശോധന നടത്തി.  സാധാരണക്കാർ കൂടുതലായി വാങ്ങുന്ന ഒമ്പത് ഇനങ്ങളുടെ സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു. 

ദിവസങ്ങൾക്കു മുൻപാണ് ഏഴുകോൺ ബിവറേജസിൽ നിന്ന് ഓട്ടോഡ്രൈവർ മദ്യം വാങ്ങിയത്. ബുധനാഴ്ച സുഹൃത്തുമൊത്ത് മദ്യപിച്ചു. അന്ന് വൈകിട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എന്നാൽ ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇവിടെ നിന്നു മദ്യം വാങ്ങി കുടിച്ച മറ്റാർക്കെങ്കിലുമോ കാഴ്ചയെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ബിവറേജസ് വിൽപനശാല പ്രവർത്തിച്ചില്ല. 

Related News