ഓഗസ്റ്റ് 15 ന് രാജ്യത്ത് 5ജി അവതരിപ്പിക്കണമെന്ന് പ്രധാനമന്ത്രി, ലേലം മാർച്ചിൽ നടന്നേക്കും

  • 25/02/2022

ന്യൂഡൽഹി: മാർച്ച് അവസാനത്തോടെ 5ജി സ്പെക്ട്രം ലേലം നടത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ടെലികോം മന്ത്രാലയം ട്രായിയോട് ആവശ്യപ്പെട്ടു. ഈ വർഷം ഓഗസ്റ്റ് 15 ന് രാജ്യത്ത് 5ജിയ്ക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആഗ്രഹിക്കുന്നത്. ഇക്കാരണത്താൽ 5ജിയ്ക്ക് വേണ്ടിയുള്ള നടപടികൾ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ്.

ലേലത്തിനുള്ള 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ് ബാൻഡുകളിലെ സ്പെക്ട്രത്തെ കുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക് നൽകിയിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവയുൾപ്പെടെ ആറ് എൽഎസ്എകളിൽ (ലൈസൻസ്ഡ് സർവീസ് ഏരിയ) വ്യാപിച്ചുകിടക്കുന്ന ചില സ്ഥലങ്ങളിൽ സർക്കാർ ഉപയോഗത്തിനായി 900 മെഗാഹെർട്സ് സ്പെക്ട്രം നീക്കിവച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് ട്രായിയോട് പറഞ്ഞു.

അതേസമയം, ഒഡീഷ, കേരളം, മുംബൈ, ഹരിയാന, കൊൽക്കത്ത എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന അഞ്ച് എൽഎസ്എകളിലെ നിശ്ചിത 900 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രം സർക്കാർ ഉപേക്ഷിക്കും.

Related News