യുക്രൈനിൽ റഷ്യൻ സൈനിക നീക്കം: രൂപയുടെ മൂല്യത്തിലും കുത്തനെ ഇടിവ്

  • 25/02/2022

യുക്രൈനിൽ റഷ്യ സൈനിക നീക്കം നടത്തിയതോടെ രൂപയുടെ മൂല്യത്തിലും കുത്തനെ ഇടിവുണ്ടായി. ഡോളറിനെതിരെ 75.27 നിലവാരത്തിലേയ്ക്കാണ് രൂപ താഴ്ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. ഒരൊറ്റ ദിവസംകൊണ്ട് 68 പൈസയിലേറെയാണ് നഷ്ടം.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഓഹരി വിപണിയിലെ തകർച്ച, അസംസ്‌കൃത എണ്ണവിലയിലെ വർധന തുടങ്ങിയവയാണ് കറൻസിയെ ബാധിച്ചത്. രാജ്യത്തെ മൂലധന വിപണിയിൽനിന്ന് ബുധനാഴ്ച 3,417.16 കോടി രൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. വ്യാഴാഴ്ച സെൻസെക്സും നിഫ്റ്റിയും മൂന്നുശതമാനത്തിലേറെയാണ് തകർച്ചനേരിട്ടത്. ക്രൂഡ് ഓയിലിന്റെ വിലയാകട്ടെ ബാരലിന് 100 ഡോളർ പിന്നിടുകയുംചെയ്തു.

റഷ്യ-യുക്രൈൻ സംഘർഷം തുടരുന്നതിനാൽ റിസ്‌കുള്ള ആസ്തികളിൽനിന്ന് വിദേശ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് സ്വർണംപോലുള്ള സുരക്ഷിത ആസ്തികളിലേയ്ക്ക് കൂടുമാറുകയാണ്. ഡിമാൻഡ് കൂടുന്നതോടെ സമീപഭാവിയിൽ സ്വർണവിലയിലെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 75.75-76 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യമിടിഞ്ഞേക്കാം. ഇടിവ് അതിനുമുകളിലേയ്ക്കും തുടർന്നാൽമാത്രമെ ആർബിഐ ഇടപെടലുണ്ടാകൂവെന്നാണ് വിലയിരുത്തൽ.

Related News