നാറ്റോ ശ്രമം റഷ്യയ്ക്ക് ഭീഷണി; യുക്രൈനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഎം പിബി

  • 25/02/2022

ദില്ലി: യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിർഭാഗ്യകരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. യുദ്ധം ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. അതേസമയം യുക്രൈനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം റഷ്യൻ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും പിബി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഉക്രയ്നെതിരായ റഷ്യയുടെ സൈനിക നടപടി നിർഭാഗ്യകരമാണ്. യുദ്ധം ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്നെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം റഷ്യൻ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കൻ യൂറോപ്യൻ അതിർത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈൽ സംവിധാനവും റഷ്യൻ സുരക്ഷയെ വലിയ തോതിൽ ബാധിക്കുന്നു. അതിനാൽ തന്നെ റഷ്യൻ സുരക്ഷയും, ഒപ്പം  ഉക്രയ്നെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവ്വകമാണ്. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കൻ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. 

അത് യുഎസ് നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം  യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതൽ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. കിഴക്കൻ ഉക്രയ്നിലെ ഡോൺബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചാൽ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രയ്നിലെ വിദ്യാർഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയിൽ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.

Related News