യുക്രൈനിൽ കുടുങ്ങിയവർക്ക് വഴിയൊരുങ്ങുന്നു: രണ്ട് വിമാനങ്ങൾ ഇന്ന് റൊമാനിയയിലെത്തും

  • 25/02/2022

ദില്ലി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുള്ള മിഷൻ ആരംഭിക്കുന്നു. യുക്രൈന്റെ അയൽരാജ്യമായ റൊമാനിയയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഇന്ന് പുറപ്പെടും. ഹം?ഗറിയിലേക്കുള്ള വിമാനങ്ങൾ നാളെയാവും അയക്കുക. ദില്ലിയിലും മുംബൈയിലുമാവും ഈ വിമാനങ്ങൾ തിരിച്ചെത്തുക. വിമാനങ്ങളുടെ യാത്രചെലവ് വഹിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത് അവിടെ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾക്കും മറ്റും വലിയ ആശ്വാസമായിട്ടുണ്ട്.

ഇന്ന് മാത്രം ആയിരം വിദ്യാർത്ഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ  ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി.  അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കണം അതിർത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം. 

സ്റ്റുഡൻറ് കോൺട്രാക്റ്റർമാരെ ആവശ്യങ്ങൾക്ക് സമീപിക്കണം. പാസ്‌പോർട്ട് കയ്യിൽ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അത് കയ്യിൽ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തിൽ സ്വന്തം വസ്ത്രത്തിൽ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തിൽ ഇന്ത്യൻ പതാക പിൻ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.

Related News