യുക്രൈനിലെ മലയാളികളുടെ സുരക്ഷ; എല്ലാ നടപടികളും സ്വീകരിക്കുന്നതായി പിണറായി വിജയൻ

  • 25/02/2022

യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ സെല്‍ നോര്‍ക്കയില്‍ ആരംഭിച്ചു. നോര്‍ക്കയുടെ ഇ മെയില്‍ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ ദിവസം പകല്‍ 22 യൂണിവേഴ്‌സിറ്റികളില്‍ നിന്നായി 468 വിദ്യാര്‍ത്ഥികളും രാത്രി 20 യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 318 വിദ്യാര്‍ത്ഥികളും നോര്‍ക്കയുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ഥിതിഗതികള്‍ അറിയാന്‍ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ളവരെ പുറത്തെത്തിക്കാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യക്കാരെ ഉക്രൈനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്‌ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News