യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ആരംഭിച്ച് ഇന്ത്യ

  • 25/02/2022

യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യ തുടങ്ങി. 470 ഇന്ത്യക്കാര്‍ ആദ്യഘട്ടത്തില്‍ അതിര്‍ത്തി കടന്നു. ദില്ലിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാളെ 17 മലയാളി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തും. വിമാനങ്ങള്‍ ഇന്ന് രാത്രി റൊമാനിയയ്ക്ക് തിരിക്കും. ഒഴിപ്പിക്കലിന്‍റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.


യുക്രൈനില്‍ ഇപ്പോള്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പറ‍ഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ പലയിടത്തും ബങ്കറുകളില്‍ കഴിയുകയാണ്. വെള്ളവും ഭക്ഷണവും എത്ര ദിവസത്തേക്ക് എന്ന ആശങ്ക പലരും അറിയിക്കുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇവരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങിയത്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യങ്ങള്‍ വഴി ഇവരെ തിരികെ എത്തിക്കാനുള്ള നീക്കമാണ് തുടങ്ങിയത്. ആദ്യം റൊമാനിയ, ഹംഗറി അതിര്‍ത്തി വഴിയാണ് ഇന്ത്യക്കാരെ യുക്രൈന് പുറത്ത് എത്തിക്കുന്നത്.

നടപടി നിരീക്ഷിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അതിര്‍ത്തികളില്‍ എത്തി. ആദ്യം പടിഞ്ഞാറന്‍ മേഖലയില്‍ ഉള്ളവരോട് ചിട്ടയോടെ അതിര്‍ത്തിയില്‍ എത്താനാണ് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ പലരും ഉച്ചയോടെ അതിര്‍ത്തിക്കടുത്ത് എത്തിത്തുടങ്ങിയിരുന്നു.

Related News