കാരവാനുകളിൽ സഞ്ചരിച്ച് കേരളം കാണാം; സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കിന് തുടക്കമായി

  • 25/02/2022

കൊവിഡിൽ തളർന്ന വിനോദ സഞ്ചാര മേഖലക്ക്  പുത്തൻ ഉണർവേകി സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്ക് വാഗമണിൽ തുറന്നു.  കേരളത്തിൻറെ പ്രകൃതി മനോഹാരിത ഇനി സുരക്ഷിതമായി കാരവാനിൽ സഞ്ചരിച്ചുകൊണ്ട് ആസ്വദിക്കാം. അഡ്രാക് എന്ന സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ക്രമീകരിച്ച പാർക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാരവാനിലെത്തിയാണ് ഉദ്ഘാടനം ചെയ്തത്.

കൊവിഡ് മൂലം പുറത്തിറങ്ങാൻ മടിക്കുന്ന സഞ്ചാരികൾക്ക്  കാരവാനുകളിൽ സഞ്ചരിച്ച് അതിൽ തന്നെ താമസിച്ച് കേരളം കാണാനുള്ള അവസരം ഒരുക്കാനാണ് കാരവാൻ ടൂറിസം പദ്ധതി. ടൂറിസം വകുപ്പിൻറെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകളുപയോഗിച്ച് യാത്രക്കാരെ ഇഷ്ട സ്ഥലങ്ങളിലും തിരികെയും എത്തിക്കും. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം കാരവനിലുണ്ടാകും. സഞ്ചാരികളെയുമായി എത്തുന്ന കാരവാനുകൾ ചിലയിടങ്ങളിൽ നിർത്തിയിടുന്നത് സുരക്ഷിതമല്ല.  ഇതിനാണ് കാരവാൻ പാർക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. പകൽ യാത്ര ചെയ്ത് സ്ഥലങ്ങൾ കണ്ട ശേഷം രാത്രി ഇവിടെ വിശ്രമിക്കാം.
 
രണ്ടു കാരവാനുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് വാഗമണിൽ നിലവിലുള്ളത്. പടിപടിയായി വികസിപ്പിച്ച് 12 വാഹനങ്ങൾ പാർക്കു ചെയ്യാനുളള സൌകര്യമാക്കും. കാരവാനുകൾ പാർക്ക് ചെയ്യുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും വെള്ളം നിറക്കാനുമൊക്കെ സൗകര്യമുണ്ട്. പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങളും ക്രമീകരിച്ചു. ക്യാമ്പ് ഫയറിനുള്ള സൌകര്യവും ഒരുക്കി. പാർക്കുകൾ ക്രമീകരിക്കുന്നതിന് ടൂറിസം വകുപ്പ് സബ്സിഡിയും നൽകുന്നുണ്ട്.

Related News