ദുരിതാശ്വാസനിധിയിൽനിന്ന് പണം നൽകാനുള്ളതീരുമാനം; സ്വജനപക്ഷപാതം നടത്തിയെന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്ന് ലോകായുക്ത

  • 25/02/2022

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിന് മുഖ്യന്ത്രിയോ മറ്റു മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തിയെന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ആരോപണം തെളിയിക്കാൻതക്ക രേഖകളോ കോടതി ഉത്തരവുകളോ ഉണ്ടോയെന്നും ലോകായുക്ത ആരാഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന കേസ് പരിഗണിക്കവേയായിരുന്നു പരാമർശം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ചട്ടമനുസരിച്ച് മാത്രമാണ് തുക അനുവദിച്ചതെന്ന് അഡ്വക്കേറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി വാദിച്ചു. സി.എം.ഡി.ആർ.എഫ്. ചട്ടങ്ങളുടെ 1983-നുശേഷമുള്ള ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രിക്ക് മൂന്നുലക്ഷം രൂപവരെ വ്യക്തിപരമായി അനുവദിക്കാം. മാത്രമല്ല മന്ത്രിസഭാ തീരുമാനമനുസരിച്ച് എത്രവലിയ തുകവേണമെങ്കിലും അനുവദിക്കാം.

കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപ്പാർട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംബന്ധിച്ച വിഷയം കോടതികയറ്റുന്നതെന്നും ടി.എ. ഷാജി വാദിച്ചു. എന്നാൽ, മന്ത്രി ഒറ്റയ്‌ക്കോ മന്ത്രിസഭ കൂട്ടായോ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് മന്ത്രിമാർ ഉത്തരവാദികളാണെന്നും പൊതുപ്രവർത്തകർ എന്നനിലയിൽ മന്ത്രിമാർ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും ഒട്ടേറെ കോടതിവിധികൾ ചൂണ്ടിക്കാട്ടി ഹർജിക്കാരന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു.

Related News