യുദ്ധഭൂമിയിൽ നിന്ന് ഒഴിപ്പിക്കൽ: ഇന്ത്യക്കാരുടെ ആദ്യ സംഘം അതിർത്തി കടന്ന് റൊമാനിയയിലെത്തി

  • 26/02/2022

ന്യൂഡൽഹി: യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യാക്കാരുടെ ആദ്യ ബാച്ച് സൂകേവാ അതിർത്തി വഴി റൊമാനിയയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച പറഞ്ഞു. ആദ്യ സംഘം സുകേവ അതിർത്തി കടന്നു. സുകേവിൽ നിയോഗിച്ചിട്ടുള്ള ടീം ഇവരെ ബുക്കാറസ്റ്റിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി ട്വിറ്ററിൽ ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചുകൊണ്ട് അരിന്ദം ബാഗ്ചി അറിയിച്ചു.

യുക്രൈനുമായി അതിർത്തി പങ്കിടുന്ന ഹംഗറി, പോളണ്ട്, സ്ലൊവാക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. റൊമാനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റിൽനിന്ന് എയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ അഞ്ഞൂറോളം ഇന്ത്യക്കാരുമായി ശനിയാഴ്ച മുംബൈയിലും ഡൽഹിയിലും എത്തും.

ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽനിന്ന് മറ്റൊരു വിമാനവും സർവീസിനൊരുങ്ങുന്നുണ്ട്. പ്രത്യേക വിമാനങ്ങളിലെ യാത്ര സൗജന്യമായിരിക്കുമെന്നും ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

Related News