മണിപ്പൂരിൽ ആദ്യഘട്ട പോളിംഗിന് 48 മണിക്കൂർ അവശേഷിക്കെ സ്‌ഫോടനം; രണ്ടുപേർ കൊല്ലപ്പെട്ടു

  • 26/02/2022

മണിപ്പൂരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുൻപ് നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു അഞ്ച് പേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരമാണ് മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ സ്‌ഫോടനമുണ്ടായത്. വൈകുന്നേരം 7.30ഓടെയാണ് ഗാംഗ്പിമുവാൽ ഗ്രാമത്തിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആറ് വയസുള്ള കുട്ടി അടക്കം രണ്ട് പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. യാദൃശ്ചികമായി ഉണ്ടായ സ്‌ഫോടനമെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്.

ബിഎസ്എഫ് ഫയറിംഗ് റേഞ്ചിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ നാട്ടുകാർ എടുത്തപ്പോൾ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മോർട്ടാർ ഷെല്ല് കുട്ടികൾ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്.  സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റ ഏഴോളം പേരെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കെയാണ് ആറു വയസ് പ്രായമുള്ള കുട്ടി മരിച്ചത്. ആറ് വയസുള്ള മാഗ്മിൻലാലും 22 വയസുള്ള ലാഗ്ഗിൻസാംഗുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചിറിഞ്ഞിട്ടുണ്ട്. സ്‌ഫോടന നടന്ന സ്ഥലത്ത് മോർട്ടാർ ഷെല്ലിൻറെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മണിപ്പൂരിലെ ആദ്യഘട്ട പോളിംഗിന് വെറും 48 മണിക്കൂർ അവശേഷിക്കെയാണ് മണിപ്പൂരിനെ നടുക്കിയ സ്‌ഫോടനമുണ്ടാവുന്നത്. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. 15 വനിതാ സ്ഥാനാർത്ഥികൾ അടക്കം 173 സ്ഥാനാർത്ഥികളാണ് മത്സരംരംഗത്തുള്ളത്. 1222713 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുക. സ്‌ഫോടനത്തിൽ തീവ്രവാദ സംഘടനകൾക്ക് ബന്ധമുള്ളതായി തോന്നുന്നില്ലെന്നാണ് ജില്ലാ കമ്മീഷ്ണർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related News